കൊടകരയിലേത് കവര്‍ച്ചാ കേസ്; ആരുവിചാരിച്ചാലും പ്രതിയാക്കാനാവില്ല: കെ സുരേന്ദ്രന്‍

0

തിരുവനന്തപുരം: കൊടകരക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊടകരയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടില്ലെന്നും അതൊരു കവര്‍ച്ചാ കേസാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തതായും കേസില്‍ നിയമപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കേസില്‍ തന്നെ പ്രതിയാക്കാനാകില്ല. അത് ആരും വിചാരിച്ചാലും നടക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖരായ നേതാക്കളുടെയും പേരില്‍ വലിയ തോതിലുള്ള അഴിമതിക്കേസുകള്‍ ഏജന്‍സികള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് കള്ളപ്പണ ഇടപാടുകളും ബാങ്കുകൊള്ളയും എല്‍ഡിഎഫും യുഡിഎഫും സംയുക്തമായാണ് നടത്തിയത്. ആ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മാസപ്പടി കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും അടക്കമുളള യുഡിഎഫ് നേതാക്കാളും മാസപ്പടി വാങ്ങിയതായും സുരേന്ദ്രന്‍ പറഞ്ഞു.എന്‍ഡിഎ ഇത്തവണ സംസ്ഥാനത്ത് സീറ്റ് നേടും. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വിനാശകരമായ നിലപാടിനെതിരെ ജനങ്ങള്‍ വിധിയെഴുതും. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടില്‍ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടാണെന്നും 600 കോടി രൂപയുടെ അഴിമതി നടത്തിയ കെജരിവാളിനെ സംരക്ഷിക്കുന്നത് അതിന്റെ ഭാഗമാണെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply