തന്നെ ആദ്യമായല്ല നര്‍ത്തകി സത്യഭാമ വ്യക്തിയധിക്ഷേപം നടത്തുന്നതെന്ന് ഡോ. ആല്‍എല്‍വി രാമകൃഷ്ണന്‍. മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ നൃത്തോത്സവത്തില്‍ കലാവതരണത്തിന് അനുമതി തേടി അപേക്ഷ അയച്ചതിന് പിന്നാലെ കോ-ഓര്‍ഡിനേറ്ററായിരുന്ന സത്യഭാമ ഫോണില്‍ വിളിച്ച് തന്നെ അധിക്ഷേപിച്ചു. ‘നിനക്ക് പറ്റിയതല്ല ഇതെന്ന്’ പറഞ്ഞു അവര്‍ അവഹേളിച്ചെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
സ്കൂള്‍ യുവജനോത്സവത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ച തന്‍റെ ശിഷ്യയ്ക്ക് മികച്ച സ്ഥാനം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യമുണ്ടായപ്പോള്‍ അത് ചോദ്യം ചെയ്യുകയും തര്‍ക്കത്തില്‍ അവസാനിക്കുകയും ചെയ്തിരുന്നു. അതിന്‍റെ പേരില്‍ തനിക്കെതിരെ രണ്ട് കേസുകള്‍ ഇപ്പോഴും കോടതിയിലുണ്ടെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.
കൂടാതെ കലാമണ്ഡലത്തില്‍ പിഎച്ച്‌ഡിക്ക് അപേക്ഷിച്ചപ്പോഴും അന്ന് കലാമണ്ഡലം ഭരണസമിതി അംഗമായിരുന്ന സത്യഭാമ തനിക്കെതിരെ രംഗത്തെത്തിയിരുന്നു. അന്ന് അവർക്കെതിരെ പട്ടികജാതി കമ്മിഷനെ സമീപിക്കുകയും കമ്മിഷൻ കലാമണ്ഡലത്തിലേക്ക് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ഭരണസമിതിയിൽ നിന്ന് അവരെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു അതിനാൽ കേസുമായി മുന്നോട്ട് പോയില്ലെന്നും രാമകൃഷ്ണൻ പറയുന്നു.തന്നെ മാത്രമല്ല കറുപ്പിന്റെ പേരിൽ അവർ അവഹേളിച്ചിട്ടുള്ളത്. നന്നായി നൃത്തം അവതരിപ്പിച്ച കുട്ടിക്ക് മികച്ച സ്ഥാനം നൽകാത്തതിൽ മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോൾ നിങ്ങൾ വെളുത്തിട്ടാണെങ്കിലും മകൾ കറുത്തിട്ടാണെല്ലോ എന്നായിരുന്നു ആ മത്സരത്തിന്റെ വിധികർത്താവു കൂടിയായ ഇവരുടെ മറുപടി. സൗന്ദര്യമുള്ള അവർ കളിക്കേണ്ടതാണ് മോഹിനിയാട്ടം എന്ന പരാമർശം നൃത്തമേഖലയ്ക്കും നവോത്ഥാന കേരളത്തിനും അപമാനമാണ്. അക്കാദമിക തലത്തിലുള്ള കഴിവുകൾ പരിഗണിക്കാതെ ജാതിയും മതവുമാണ് ഇത്തരക്കാർ നോക്കുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു.