‘രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധം ജയരാജന്‍ സമ്മതിച്ചതില്‍ സന്തോഷം; സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ ബാന്ധവം’

0

കൊച്ചി: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇപി ജയരാജന്‍ തന്നെ സ്ഥിരീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വൈദേകം റിസോര്‍ട്ടില്‍ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പങ്കാളിത്തമുണ്ട്. മുമ്പ് ഒരു ബന്ധവുമില്ലെന്നും, എന്തെങ്കിലും ബിസിനസ് ഉണ്ടെങ്കില്‍ അത് സതീശന് നല്‍കിയേക്കാമെന്നാണ് അന്ന് പറഞ്ഞത്. ഇന്നാണ് ഷെയര്‍ ഉണ്ടെന്ന് ജയരാജന്‍ സമ്മതിക്കുന്നത്. വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈദേകം റിസോര്‍ട്ടും നിരാമയയുമായി ബന്ധമുണ്ട്. ഈ രണ്ടു കമ്പനികളും തമ്മില്‍ മാനേജ്‌മെന്റ് കോണ്‍ട്രാക്റ്റുണ്ട്. എഗ്രിമെന്റുണ്ട്. രണ്ടും കൂടി ഒരു കമ്പനിയായി ചേര്‍ന്നു. നിരാമയ-വൈദേകം റിസോര്‍ട്ട് എന്നാണ് ഇപ്പോള്‍ അതിന്റെ പേര്. സിപിഎം-ബിജെപി റിസോര്‍ട്ട് എന്നു പേരിടുന്നതു പോലെയാണിത്. ഇതിന്റെ അഡൈ്വസര്‍ ആണെന്നാണ് മുമ്പ് ഇപി ജയരാജന്‍ പറഞ്ഞത്. അഡൈ്വസറാക്കാന്‍ ഇദ്ദേഹം റിസോര്‍ട്ടിന്റെ എക്‌സ്‌പെര്‍ട്ട് ആണോയെന്നും വിഡി സതീശന്‍ ചോദിച്ചു.

വൈദേകം റിസോര്‍ട്ടില്‍ ഇഡി റെയ്ഡ് നടത്തി. അതു സെറ്റില്‍ ചെയ്യാന്‍ വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി ടേക്ക്ഓവര്‍ ചെയ്തത്. കേന്ദ്ര ഏജന്‍സി റെയ്ഡ് ചെയ്ത കമ്പനിയില്‍ കേന്ദ്രമന്ത്രിയുടെ കമ്പനിക്ക് പങ്കാളിത്തമുണ്ടാകുന്നതില്‍ രാജീവ് ചന്ദ്രശേഖറാണ് മറുപടി പറയേണ്ടത്. ഇപി ജയരാജന്‍ കാണിച്ച പടം ഏതാണെന്ന് അറിയില്ല. നിരാമയ തന്നെ പുറത്തു വിട്ട, ഉത്തരവാദിത്തപ്പെട്ടവര്‍ പുറത്തു വിട്ട പടമുണ്ട്. നിരാമയയുടെ സിഇഒ വരെയുള്ളവര്‍ ചിത്രത്തിലുണ്ട്. ഈ ചിത്രം വ്യാജമല്ല. വ്യാജമായി നിര്‍മ്മിച്ചതാണെങ്കില്‍ നടപടിയെടുക്കട്ടെ. മുഖ്യമന്ത്രി ഈ ഡീല്‍ അറിഞ്ഞിട്ടില്ല എന്ന് വിശ്വസിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.രാജീവ് ചന്ദ്രശേഖറിനോ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കോ ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നാണ് ജയരാജന്‍ ഇപ്പോള്‍ പറയുന്നത്. നേരത്തെ ദേശാഭിമാനി മാനേജരായി ഇപി ജയരാജന്‍ ഇരിക്കുമ്പോള്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ നിന്നും രണ്ടുകോടി രൂപ കിട്ടിയെന്ന് പറഞ്ഞപ്പോള്‍ അറിയാത്ത ഭാവത്തില്‍ ഇരിക്കുകയായിരുന്നു. അവസാനം ഈ പണം തിരിച്ചു കൊടുക്കുന്ന അവസ്ഥയുണ്ടായി. വിഎസ് അച്യുതാനന്ദന്‍ ഷേഡി ക്യാരക്ടര്‍ ഉള്ളയാളെന്ന് പറഞ്ഞ ബിസിനസുകാരനുമായിട്ടുള്ള ബന്ധം അടക്കം ഇപി ജയരാജനുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ തനിക്കറിയാം.

കൊടകര കുഴല്‍പ്പണക്കേസില്‍ പിടികൂടിയ പണം ഇതുവരെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആ പണം എവിടെപ്പോയി. ആ കേസില്‍ ഒരു ബിജെപിക്കാരെയും പ്രതി ചേര്‍ത്തിട്ടില്ല. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവമാണ് തെളിയിക്കുന്നത്. കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തു. ലാവലിന്‍, ലൈഫ് മിഷന്‍, സ്വര്‍ണക്കള്ളക്കടത്ത്, കരുവന്നൂര്‍, മാസപ്പടി കേസുകളെല്ലാം ഒതുക്കി തീര്‍ക്കാനുള്ള പരസ്പര സഹായസഹകരണ സംഘമായി പ്രവര്‍ത്തിക്കുകയാണ്. ഇപി ജയരാജന്‍ പാവമാണ്. ബിജെപി സഹകരണത്തിനായി ജയരാജനെ പിണറായി വിജയന്‍ ഉപയോഗപ്പെടുത്തുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

വൈദേകം റിസോർട്ടില്‍ തന്‍റെ ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇപി ജയരാജൻ രാവിലെ വ്യക്തമാക്കിയിരുന്നു. അതില്‍ എന്താണ് തെറ്റ്?. ഓഹരി വില്‍ക്കാന്‍ തന്‍റെ ഭാര്യ ശ്രമിക്കുകയാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ഭാര്യയ്ക്ക് നിരാമയയില്‍ ഓഹരിയുണ്ടോയെന്ന് അറിയില്ല. രാജീവ് ചന്ദ്രശേഖറിന്‍റെ കൂടെ ഇരിക്കുന്ന തന്‍റെ ഭാര്യയുടെ പടം മോര്‍ഫ് ചെയ്തതെന്നും ഇപി ജയരാജൻ പറഞ്ഞു.

Leave a Reply