ഇലക്ടറല്‍ ബോണ്ട്: ഒന്നും മറയ്‌ക്കേണ്ട, എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം; എസ്ബിഐക്ക് ഇന്നും വിമര്‍ശനം

0

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇന്നും സുപ്രീംകോടതിയുടെ വിമര്‍ശനം. കോടതി പറഞ്ഞാലേ വെളിപ്പെടുത്തൂ എന്ന സമീപനം ശരിയല്ല. ഓരോ തവണയും കോടതി നിര്‍ദേശം നല്‍കണോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ സുപ്രീംകോടതി എസ്ബിഐക്ക് നിര്‍ദേശം നല്‍കി. വെളിപ്പെടുത്തിയ ശേഷം ഇക്കാര്യം വ്യക്തമാക്കി വ്യാഴാഴ്ചയ്ക്ക് മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടു.

വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ എസ്ബിഐ സെലക്ടീവ് ആകരുത്. ബോണ്ടിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണ്. ഒന്നും മറച്ചുവെക്കാതെ വെളിപ്പെടുത്തി സത്യവാങ്മൂലം നല്‍കണമെന്നും എസ്ബിഐയോട് കോടതി ആവശ്യപ്പെട്ടു. എസ്ബിഐ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയാണോ വാദിക്കുന്നതെന്നും വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു.സുപ്രീംകോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന് ബോണ്ടുകളുടെ കോഡ് നല്‍കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് എസ്ബിഐ കോടതിയെ അറിയിച്ചു. ബോണ്ടിലെ ആല്‍ഫ ന്യൂമെറിക് കോഡ് വെളിപ്പെടുത്താമെന്നും എസ്ബിഐ വ്യക്തമാക്കി. ആല്‍ഫ ന്യൂമെറിക് കോഡുകളുടെ ലക്ഷ്യമെന്താണെന്ന് കോടതി ചോദിച്ചു. സുരക്ഷാ കോഡ് ആണെന്ന് എസ്ബിഐ മറുപടി നല്‍കി. കറന്‍സി നോട്ടുകളിലെ നമ്പര്‍ പോലെയാണ് ബോണ്ട് നമ്പറെന്നും എസ്ബിഐ വിശദീകരിച്ചു.

സുപ്രീംകോടതി വിധി ഉപയോഗിച്ച് വ്യവസായികളെ വേട്ടയാടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് എസ്ബിഐ അഭിപ്രായപ്പെട്ടു. അതിനിടെ ബോണ്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെതിരെ ഫിക്കിയും അസോചവും കോടതിയെ സമീപിച്ചു. കേസില്‍ കക്ഷി ചേരാനാണ് വ്യവസായ സംഘടനകള്‍ അപേക്ഷ നല്‍കിയത്. തിരിച്ചറിയല്‍ കോഡുകള്‍ പ്രസിദ്ധീകരിക്കുന്നത് മാറ്റിവെക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ എന്തുകൊണ്ട് വന്നില്ലെന്ന് ചോദിച്ച കോടതി, വ്യവസായ സംഘടനകളെ ഇപ്പോള്‍ കേള്‍ക്കാനാവില്ലെന്നും വ്യക്തമാക്കി.

Leave a Reply