പടയപ്പയെ തുരത്താൻ ഇന്നും ശ്രമം തുടരും; ഡ്രോൺ നിരീക്ഷണം ശക്തമാക്കി, മറയൂർ മേഖലയിൽ എത്തിക്കാൻ നീക്കം

0

മൂന്നാർ: മൂന്നാൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുകൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലുള്ള കൊമ്പനെ മറയൂർ മേഖലയിൽ എത്തിക്കാനാണ് നീക്കം. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ ആന ജനവാസ മേഖലയിലിറങ്ങാതെയിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിച്ച് വാട്സ്ആപ്പ് വഴി ആളുകൾക്ക് മുന്നറിയിപ്പ് നൽകും. അതേസമയം മയക്കു വെടി വച്ച് പടയപ്പയെ പിടികൂടേണ്ടതില്ലെന്നാണ് ഹൈറേഞ്ച് സിസിഎഫ് ആർഎസ് അരുണിന്റെ നേതൃത്വത്തിലുള്ള ദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിൽ തീരുമാനിച്ചത്. ഉൾക്കാട്ടിലേക്ക് കൊണ്ടു വിടാൻ സാധിക്കുന്ന പ്രദേശത്തെത്തിയാൽ തുരത്താനാണ് നീക്കം.തീറ്റയും വെള്ളവും കിട്ടാത്തതാണ് ആന ഇറങ്ങുന്നതിനു കാരണം. തീറ്റയും വെള്ളവും ലഭിക്കുന്ന ഉൾക്കാട്ടിലെത്തിച്ച് തിരികെ വരുന്നത് ഒഴിവാക്കാനാണ് ശ്രമം. നാല് ദിവസത്തിനിടെ ആറ് കടകളാണ് ആന തകർത്തത്. അതിനിടെ പടയപ്പയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ‘സേവ് പടയപ്പ’ ക്യാമ്പയിനുമായി മൃഗസ്നേഹികളും പടയപ്പ ഫാൻസ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

വേനൽമഴ ലഭിച്ചാലുടൻ ആന കാടുകയറുമെന്നും ഇനിയുള്ള ഒന്നര മാസം വനംവകുപ്പ് ഉദ്യോഗസ്ഥർ പടയപ്പയെ പ്രത്യേകം നിരീക്ഷിച്ചാൽ മതിയെന്നും ഇവർ പറയുന്നു. പടയപ്പയെ നാടുകടത്താൻ ശ്രമമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Leave a Reply