ഡീനിന്റെ പണി സെക്യൂരിറ്റി സര്‍വീസല്ല; സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു: ഡീന്‍ എംകെ നാരായണന്‍

0

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ഡീന്‍ എംകെ നാരായണന്‍. ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറിന്റെ അഭാവമുണ്ട്. നേരത്തെ പ്രശ്‌നമൊന്നുമില്ലാത്ത സാഹചര്യത്തില്‍ അത് വിഷയമായിരുന്നില്ല. ഇപ്പോള്‍ സെക്യൂരിറ്റി പ്രശ്‌നമുണ്ട്.

വാര്‍ഡന്‍ ഒരിക്കലും ഹോസ്റ്റലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടുന്നതല്ല. ഡീന്‍ അക്കാദമിക് ഹെഡ് ആണ്. ഡീന്‍ ഹോസ്റ്റലില്‍ അല്ല താമസിക്കുന്നത്. സംഭവം നടക്കുന്നത് 2024 ഫെബ്രുവരി 18 നാണ്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്‍ഡന്‍ കുട്ടികളെ കൊണ്ടുപോയിരിക്കുകയായിരുന്നു.അദ്ദേഹം കോഴിക്കോട് നിന്നും ഉച്ചയ്ക്ക് 1.40 ന് വിളിച്ച് ആത്മഹത്യാശ്രമം നടന്നതായി അറിയിച്ചു. ഉടന്‍ തന്നെ താന്‍ സ്ഥലത്തേക്ക് പോയി. ഹോസ്റ്റലില്‍ ചെന്നപ്പോള്‍ കുട്ടികള്‍ ആംബുലന്‍സിനെയും പൊലീസിനെയും അറിയിച്ച് വെയ്റ്റ് ചെയ്യുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ തൂങ്ങിമരണമാണെന്നും, ഉടനാണ് സംഭവിച്ചതെന്നും, വാതില്‍ ചവിട്ടിപ്പൊളിച്ചാണ് കണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജീവനുണ്ടെങ്കില്‍ രക്ഷിക്കണമെന്ന് പറഞ്ഞ് അംബുലന്‍സ് ഡ്രൈവറോട് പറഞ്ഞിട്ടാണ്, ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് എംകെ നാരായണന്‍ പറഞ്ഞു.

ഹോസ്റ്റലിലെ കാര്യങ്ങള്‍ അറിയുന്നത് അവിടുത്തെ കുട്ടികള്‍ പറയുമ്പോഴാണ്. ഹോസ്റ്റലില്‍ 130 ഓളം കുട്ടികളുണ്ട്. കുട്ടികള്‍ പറയുമ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. ഡീനിന്റെ പണി എല്ലാ ദിവസവും പോയിട്ട് സെക്യൂരിറ്റി സര്‍വീസല്ല. എല്ലാ വിദ്യാര്‍ത്ഥികളും മിണ്ടാതിരുന്നിട്ട്, ഇപ്പോള്‍ ഇതിന്റെ ചുമതലയുള്ള വൈസ് ചാന്‍സലര്‍ മറുപടി പറയണം, മന്ത്രി പറയണം എന്നു പറയുന്നതിന് തുല്യമാണിത്.

താന്‍ ചാര്‍ജുള്ള ആളാണ്. അറിയിച്ചപ്പോള്‍ പത്തുമിനിറ്റിനകം സ്ഥലത്തെത്തി. ആശുപത്രിയില്‍ കൊണ്ടുപോയി ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തി. എന്നാല്‍ ജീവന്‍ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ ദിവസം ഔദ്യോഗിക വാഹനം ഉണ്ടായിരുന്നില്ല. ഒരു കുട്ടിയുടെ വാഹനത്തിലാണ് ആംബുലന്‍സിനെ പിന്തുടര്‍ന്നത്.

ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച് 10 മിനിറ്റിനുള്ളില്‍ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ തന്നെ വിദ്യാര്‍ത്ഥിയായ കൃഷ്ണകാന്ത് എന്ന കുട്ടിയാണ് സിദ്ധാര്‍ത്ഥന്റെ അമ്മാവനായ ഷിബുവിനെ വിവരം അറിയിച്ചത്. തുടര്‍നടപടിക്കായി താന്‍ ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് വിവരം അറിയിക്കാന്‍ മറ്റൊരു കൂട്ടിയെ ചുമതലപ്പെടുത്തിയത്. എല്ലാകാര്യവും ഡീന്‍ അറിയിക്കണമെന്ന് വാശി പിടിക്കുന്നത് ശരിയല്ലെന്നും എംകെ നാരായണന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here