കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണ ശേഷം പരാതി കെട്ടിച്ചമച്ചെന്ന് ആക്ഷേപം. മരിച്ചയാള്‍ക്കെതിരെയുള്ള പരാതി പരിശോധിക്കാന്‍ ആഭ്യന്തര പരിഹാരസമിതി രണ്ടുദിവസം യോഗവും ചേര്‍ന്നിരുന്നതായാണ് പുറത്തു വരുന്ന വിവരം. ഫെബ്രുവരി 18 ന് കോളജിന് ലഭിച്ച പരാതി 20നാണ് കോളജ് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് കൈമാറിയത്. സിദ്ധാര്‍ത്ഥന്‍ ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ഫെബ്രുവരി 14ന് കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആരോപണം. മരണം സംഭവിച്ചതിനാല്‍ കുറ്റാരോപിതന് നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോര്‍ട്ട്.
അതേസമയം സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലി കല്‍പ്പറ്റ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി. സിദ്ധാര്‍ഥനെ ആക്രമിച്ച 19 പ്രതികള്‍ക്ക് പഠന വിലക്കും ഏര്‍പ്പെടുത്തി. കോളജ് ആന്റി റാഗിങ് സെല്ലിന്റേതാണ് നടപടി. 3 വര്‍ഷത്തേയ്ക്കാണ് പഠന വിലക്കേര്‍പ്പെടുത്തിയത്.ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥനെ കണ്ടെത്തിയത്. വിദ്യാര്‍ഥി ക്രൂരമര്‍ദനത്തിനിരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവില്‍ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണ്. തൂങ്ങിയതാണു മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.