തൃശൂര്‍: ആരൊക്കെ എന്തൊക്കെ ഡീല്‍ നടത്തിയാലും കേരളത്തില്‍ 20 സീറ്റും യുഡിഎഫിന് ലഭിക്കുമെന്ന് കെ മുരളീധരന്‍. ഡീലുകള്‍ ഇപ്പോഴും സജീവമാണ്. കേരളത്തില്‍ എല്‍ഡിഎഫ് ബിജെപിക്ക് വോട്ടു മറിക്കുമോയെന്നാണ് സംശയമുള്ളത്. ആരൊക്കെ എന്തൊക്കെ നടത്തിയാലും കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ ഏറ്റെടുത്ത് കഴിഞ്ഞെന്നും കെ മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു.ഇടതുപക്ഷത്തിന് നിലപാടില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യകക്ഷിയായി സിപിഎം കാണുന്നു. എന്നാല്‍ രാജസ്ഥാനിലും തമിഴ്‌നാട്ടിലും ത്രിപുരയിലും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായി മത്സരിക്കുകയാണ്. രാജസ്ഥാനില്‍ ഒരു സീറ്റാണ് സിപിഎമ്മിന് വിട്ടു കൊടുത്തത്. ആ സീറ്റു സ്വീകരിച്ചുകൊണ്ടാണ് സിപിഎം കേരളത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്.
കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വം എന്നാണ് സിപിഎം പറയുന്നത്. പിന്നെന്തിനാണ് ഇവര്‍ രാജസ്ഥാനില്‍ സിപിഎം കൂട്ടുകുടുന്നതെന്ന് മുരളീധരന്‍ ചോദിച്ചു. ഇടതുപാര്‍ട്ടികള്‍ക്ക് ഒരു നയവുമില്ല. ഇത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അല്ലാതെ പഞ്ചായത്തിലേക്ക് ഉള്ളതല്ല. അതു കൊണ്ട് ദേശീയ നയമില്ലാത്ത ഇടതുമുന്നണിയെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയും എന്നതില്‍ സംശയമില്ല.
കഴിഞ്ഞ കുറേ ദിവസങ്ങളായി നരേന്ദ്രമോദി എന്ന ഒരു വാചകം പിണറായി വിജയന്റെ നാവില്‍ നിന്നും വീണിട്ടില്ല. എല്ലാ ദിവസവും രാഹുല്‍ ഗാന്ധിയോടാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. രാഹുല്‍ ഗാന്ധിയോട് ചോദിക്കുന്നതിന് പകരം നരേന്ദ്രമോദിയോട് ചോദിച്ചാല്‍ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിയെ നയിക്കുന്നത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങള്‍ ജനം അവജ്ഞയോടെ തള്ളിക്കളയും എന്നതില്‍ സംശയമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.