സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ്; പേരിൽ നിന്ന് ‘ഭാരതം’ വെട്ടി: ഇനി ‘ഒരു സർക്കാർ ഉത്പന്നം’

0

‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന പേരിൽ റിലീസിന് ഒരുങ്ങിയ സിനിമയുടെ പേര് മാറ്റി. സെൻസർ ബോർഡിന്റെ നിർദേശ പ്രകാരമാണ് പേര് മാറ്റിയത്. ഭാരതം എന്ന് ഒഴിവാക്കി ഒരു സർക്കാർ ഉത്പന്നം എന്നാക്കിയാണ് മാറ്റിയത്. പേരിൽ നിന്ന് ഭാരതം ഒഴിവാക്കാനാണ് അണിയറ പ്രവർത്തകരോട് കേന്ദ്ര സർക്കാരിന് കീഴിലുള്ള സെൻസർ ബോർഡ് നിർദേശിച്ചത്.

മാർച്ച് 8 ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാൽ റിവ്യു കമ്മിറ്റിക്ക് മുന്നിൽ അപ്പീൽ നൽകാതെ പേര് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. രണ്ട് മാസത്തോളം എടുക്കും എന്നതിനാലാണ് പേര് മാറ്റാൻ നിർബന്ധിതരായത്. സെൻസർ ബോർഡിന്റെ നിർദേശത്തോടുള്ള പ്രതിഷേധമായി ഭാരതം എന്നതിനെ പേപ്പറുകൊണ്ട് മറയ്ക്കുന്ന രീതിയിലാണ് പുതിയ പോസ്റ്റർ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി 40,000 ത്തോളം പോസ്റ്ററുകളാണ് പ്രിന്റ് ചെയ്തത്. ഇതിലെല്ലാം ഭാരത എന്ന വാക്കിന് പേപ്പർ ഒട്ടിക്കാനാ‌ണ് തീരുമാനം.സിനിമയ്ക്ക് ക്ലീൻ യു നൽകും എന്നാണ് സെൻസർ ബോർഡ് അറിയിച്ചിരിക്കുന്നത്. സിനിമയ്ക്കകത്ത് എഡിറ്റിംഗുകൾ ഒന്നും നിർദേശിക്കാതിരുന്ന സെൻസർ ബോർഡ് പേര് മാറ്റിയാലേ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്ന് അറിയിക്കുകയായിരുന്നു. കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സിൽ സിനിമയുടെ പേര് ഒന്നര വർഷം മുന്നേ റജിസ്റ്റർ ചെയ്താണ്. അതിന് ശേഷമാണ് ചിത്രീകരണവും ആരംഭിച്ചത്. റിലീസിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഒരുമാസം മുൻപ് സിനിമയുടെ ട്രെയിലർ സെൻസർ ബോർഡ് സർട്ടിഫൈ ചെയ്തിരുന്നു. ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന പേരിൽ തന്നെയാണ് അന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്.ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഭീഷ് സുധി, ഷെല്ലി, ഗൗരി കിഷൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. .വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തർ ആണ്. അജു വർഗീസ്, ജാഫർ ഇടുക്കി, ഗോകുലൻ, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Leave a Reply