പത്തനംതിട്ട: ശബരിമല ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പള്ളിവേട്ട ഇന്ന്. രാത്രി ശ്രീഭൂതബലി പൂർത്തിയാക്കി, വിളക്കിനെഴുന്നള്ളിപ്പിനും ശേഷമാണ് ശരംകുത്തിയിലേക്കുള്ള പള്ളിവേട്ട പുറപ്പാട്. താളമേളങ്ങളില്ലാതെയുള്ള യാത്രയുടെ മുന്നിൽ അമ്പുംവില്ലുമായി വേട്ടക്കുറുപ്പ് നീങ്ങും. ശരംകുത്തിയിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പള്ളിവേട്ട. തുടർന്ന് ആഘോഷത്തോടെ സന്നിധാനത്തേക്ക് മടങ്ങും. രാത്രി പഴുക്കാമണ്ഡപത്തിലാണ് അയ്യപ്പന്റെ വിശ്രമം.
തിങ്കളാഴ്ച പമ്പയിൽ ആറാട്ടോടെ ഉത്സവം സമാപിക്കും. പൈങ്കുനി ഉത്രം നാളായ തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സന്നിധാനത്ത് നിന്നും പമ്പയിലേക്ക് ആറാട്ടെഴുന്നള്ളത്ത്. 11.30ന് പമ്പയിയിലെ പ്രത്യേകം തയ്യാറാക്കിയ കടവിലാണ് ആറാട്ട് നടക്കുക. ഉച്ചയ്ക്ക് ശേഷം തിരിച്ചെഴുന്നള്ളത്ത്. സന്നിധാനത്തെിയ ശേഷം കൊടിയിറക്കും. രാത്രി 10 മണിക്ക് നടയടയ്ക്കും.ശബരിമലയിലെ ഉത്സവബലി ഇന്ന് സമാപിക്കും. 11 മണിയോടെയാണ് ഉത്സവബലി ദര്‍ശനം. ഒന്‍പതു തവണത്തെ പ്രദക്ഷിണത്തോടെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ചടങ്ങുകള്‍ തീരും.