അയോധ്യ: രാമനവമി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് അയോധ്യ. ഏപ്രില്‍ 17 നാണ് രാമനവമി. അയോധ്യയില്‍ രം ലല്ല വിഗ്രഹ പ്രതിഷ്ഠയ്ക്കും ക്ഷേത്രം ആരാധനയ്ക്കും തുറന്നു കൊടുത്തതിന് ശേഷം ആദ്യത്തെ രാമനവമി ആഘോഷത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തുമെന്നാണ് സൂചന.
രാമനവമി ആഘോഷങ്ങള്‍ക്കായി അയോധ്യയിലെ ക്ഷേത്രം ഒരുങ്ങുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി അയോധ്യ അലങ്കരിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്ന ദിനത്തിലാണ് രാമനവമി ആഘോഷം. പൊതുതെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി രാമനവമി ആഘോഷത്തിനെത്തുന്നതും വന്‍ ശ്രദ്ധയാകര്‍ഷിക്കും.ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഹിന്ദുവിന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ് രാമനവമി. അയോധ്യയില്‍ രാംലല്ല വിഗ്രഹം സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ രാമനവമിയോട് അനുബന്ധിച്ച് ഏപ്രില്‍ 17 ന് അയോധ്യയിലും രാജ്യവ്യാപകമായും വലിയ തോതിലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.
ഭക്തിഗാനങ്ങള്‍, വിളക്കുത്സവങ്ങള്‍, രാം ചരിത്മാനസ് കീര്‍ത്തനങ്ങള്‍, മറ്റ് പുണ്യ വേദ സ്തുതികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രിഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാമനവമി ദിനത്തില്‍ ക്ഷേത്ത്രതില്‍ വലിയ തോതില്‍ ഭക്തജന തിരക്കുണ്ടാകുമെന്നാണ് ക്ഷേത്രം അധികൃതര്‍ വിലയിരുത്തുന്നത്.