തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. കലാമണ്ഡലം ഗോപി വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ ക്ഷണിച്ചത്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാമെന്നും ഗോപിയാശാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടുവെന്നും, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തുവെന്നും കലാമണ്ഡലം ഗോപിയുടെ മകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയതിലൂടെയാണ് സംഭവം വിവാദമാകുന്നത്.തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഇടതു നേതാക്കളും പ്രവര്‍ത്തകരും അടക്കം വ്യാപക പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിനു മറുപടിയായി കലാമണ്ഡലം ഗോപിയെ ഇനിയും കാണാൻ ശ്രമിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വൈമുഖ്യം ഒന്നുമില്ലെങ്കിൽ ഇതുപോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കാണാൻ പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.