മദ്യവിൽപന തത്സമയം അറിയാം; നികുതിവെട്ടിപ്പ് പൂര്‍ണമായും ഇല്ലാതാക്കും; ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പുതിയ സെക്യൂരിറ്റി ലേബല്‍

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങള്‍ അടങ്ങിയ സെക്യൂരിറ്റി ലേബല്‍ വരുന്നു. ക്യൂആര്‍ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിന്റെ ഏറ്റവും വലിയ സവിശേഷത ട്രാക്ക് ആന്‍ഡ് ട്രെയ്സ് സൗകര്യമാണ്. മദ്യവിതരണ ശൃംഖലയില്‍ ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനം നടപ്പിലാക്കുന്നത് ഉല്‍പ്പന്ന സുരക്ഷയും, കാര്യക്ഷമമായ ഇന്‍വെന്ററി മാനേജ്‌മെന്റും ഉറപ്പാക്കും. മദ്യ വിതരണ സംവിധാനം പൂര്‍ണമായും തത്സമയം അധികൃതര്‍ക്ക് നിരീക്ഷിക്കാനും ഈ സാങ്കേതിക വിദ്യ സൗകര്യമൊരുക്കുന്നു. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഏത് ഉപഭോക്താവിനും മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും, ഏത് വെയര്‍ഹൌസില്‍ സൂക്ഷിച്ചുവെന്നും, എപ്പോഴാണ് വില്‍പ്പന സ്റ്റോക്കില്‍ വന്നത് എന്നുമെല്ലാം അറിയാനാവും.

ഉല്‍പ്പന്നത്തിന്റെ ആധികാരികത ഓരോ ഉപഭോക്താവിനും പരിശോധിച്ച് ഉറപ്പിക്കാനുള്ള സംവിധാനമൊരുക്കുക വഴി വില്‍പ്പനയിലെ സുതാര്യത വര്‍ധിക്കുന്നു. നികുതി വെട്ടിപ്പ് പൂര്‍ണമായും അവസാനിപ്പിക്കാനും സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. ഹോളോഗ്രാം സി ഡിറ്റാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഹോളോഗ്രാം സംബന്ധിച്ച ധാരണാപത്രത്തില്‍ ബെവ്റിജസ് കോര്‍പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്ത, എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, സിഡിറ്റ് രജിസ്ട്രാര്‍ ജയദേവ് ആനന്ദ് എകെ എന്നിവര്‍ ഒപ്പുവെച്ചു. സിഡിറ്റ് ഡയറക്ടര്‍ ജയരാജ് ജിയും പങ്കെടുത്തു. നിലവില്‍ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ നടക്കുകയാണ്. പൂര്‍ണതോതില്‍ വളരെ വേഗം പുതിയ ഹോളോഗ്രാം മദ്യക്കുപ്പികളില്‍ പതിച്ചുതുടങ്ങും.

Leave a Reply