തിരുവനന്തപുരം: രാജ്യത്തു തന്നെ അപൂര്‍വമായി നടത്തുന്ന ആദിവാസി സമൂഹ മാംഗല്യത്തിനുള്ള ഗോത്ര പൂജകള്‍ ആരംഭിച്ചു. വിഴിഞ്ഞം വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലാണ് ഈ മാസം 25 ന് ആദിവാസി സമൂഹ മാംഗല്യം നടക്കുന്നത്. കേരളം തമിഴ്‌നാട് കര്‍ണാടക ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വന്ന അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുത്ത 206 യുവതീ യുവാക്കളുടെ സമൂഹ മാംഗല്യമാണ് നടക്കുന്നത്.
ആദിവാസി ഗോത്രാചാര പ്രകാരമാണ് മാംഗല്യം നടത്തുന്നത്. പ്രകൃതിയേയും പഞ്ചഭൂതങ്ങളെയും സാക്ഷിയാക്കി നടത്തുന്ന ഗോത്രാചാരങ്ങളാണ് അവരുടെ വിശ്വാസ്യത. പൗര്‍ണമിക്കാവില്‍ നടക്കുന്ന സമൂഹ ആദിവാസി മാംഗല്യത്തിന് മുന്നോടിയായാണ് അവരവരുടെ ഗോത്രങ്ങളില്‍ പൂജകള്‍ തുടങ്ങിയത്. അതിനുശേഷം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യും.പൗര്‍ണമിക്കാവില്‍ കഴിഞ്ഞ വര്‍ഷം നടന്ന പ്രപഞ്ചയാഗത്തില്‍ ഈശ്വരീയ ശക്തികള്‍ പറഞ്ഞതനുസരിച്ചാണ് ഈ ആദിവാസി സമൂഹ മാംഗല്യം നടത്തുന്നത്. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്നതിനുള്ള തുടക്കവും അന്നു തന്നെ ആരംഭിക്കും. ഐ എസ് ആര്‍ ഒ ചെയര്‍മാനായിരുന്ന പത്മവിഭൂഷണ്‍ ഡോ മാധവന്‍ നായരുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിലെ ശാസ്ത്രജ്ഞരുടെ ഒരു കൂട്ടായ്മയാണ് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട പദ്ധതികള്‍ രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും. വെങ്ങാനൂര്‍ പഞ്ചായത്ത് മുതല്‍ യുണൈറ്റഡ് നാഷന്‍സ് വരെ പൗര്‍ണമിക്കാവിലൂടെ പരിസ്ഥിതി സംരക്ഷണത്തിനായി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഡോ.മാധവന്‍ നായര്‍ അറിയിച്ചു.
സമൂഹ മാംഗല്യത്തിന് കാര്‍മ്മികത്വം വഹിക്കുന്നത് അഘോരി സന്യാസിയായ കൈലാസപുരി സ്വാമിയാണ്. കാടിനേയും നാടിനേയും സംരക്ഷിക്കുന്നതിന്റെ മുന്നോടിയായി നടക്കുന്ന ആദിവാസി മാംഗല്യത്തിന് ഇന്ത്യയിലെ പ്രശസ്തമായ മഠങ്ങളിലേയും മഠാധിപതികളും ആത്മീയാചാര്യന്‍മാരും പങ്കെടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.