ഒന്നര മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

തിരുവന്തപുരം: ഭര്‍തൃഗൃഹത്തില്‍ ഒന്നര മാസം ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മി(19) ആണ് മരിച്ചത്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം.

മണമ്പൂര്‍ ശങ്കരന്‍മുക്കില്‍ ഭര്‍ത്താവിനോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് കിരണിന്റെ കുടുംബാംഗങ്ങളും ഈ വീട്ടില്‍ താമസമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയിരുന്നു സംഭവം.കിരണ്‍ ഓട്ടോ ഡ്രൈവറാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 11 മാസമായി,പ്രണയവിവാഹമായിരുന്നു. ബിഎ ലിറ്ററേച്ചര്‍ അവസാനവര്‍ഷവിദ്യാര്‍ഥിനിയായിരുന്നു.തുടര്‍പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നതായും അതിലുണ്ടായ മനോവിഷമത്തെ തുടര്‍ന്ന് ലക്ഷ്മി ജീവനൊടുക്കിയതാണെന്നുമാണ് പ്രാഥമിക വിവരം.

സംഭവസ്ഥലത്ത് വര്‍ക്കല എ.എസ്.പിയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് പരിശോധന നടന്നു. കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Leave a Reply