ആലപ്പുഴ: ട്യൂഷന് വന്ന പത്തുവയസുകാരിയെ വളര്‍ത്തുനായ കടിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരേ കേസ്. മാരാരിക്കുളം സ്വദേശി ദേവികയ്‌ക്കെതിരെയാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 16-ാം തീയതി വൈകീട്ട് 6.55 ഓടെയാണ് സംഭവം.
ട്യൂഷൻ കഴിഞ്ഞിറങ്ങിയ കുട്ടിയെ തുടൽ പൊട്ടിച്ചെത്തിയ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. കുട്ടിയുടെ അമ്മ കുട്ടിയെ വിളിക്കാന്‍ വന്നപ്പോള്‍ നായ ആക്രമിക്കുന്നതാണ് കണ്ടത്. നിലവിളി കേട്ട് നാട്ടുകാരും ഓടിക്കൂടി. കുട്ടിയുടെ വലതുകാലിലും കാല്‍പാദത്തിലും ഇടതുകാല്‍ മുട്ടിലും ഇടുപ്പിലും നായയുടെ കടിയേറ്റു. ദേവികയുടെ സഹോദരിയാണ് നായയെ വളര്‍ത്തുന്നത്. ഇവര്‍ എത്തി നായയെ കൂട്ടിലാക്കി.വീട്ടിനകത്തിട്ട് വളര്‍ത്തുന്ന നായ, ചങ്ങലയില്‍നിന്ന് രക്ഷപ്പെട്ട് ഓടിവന്ന് കടിക്കുകയായിരുന്നു. മതിയായ ബന്തവസ്സ് ചെയ്യാതെ ഉദാസീനമായി നായയെ വളര്‍ത്തിയതിനാണ് കേസ്. മൃഗങ്ങളെ അശ്രദ്ധമായി വളര്‍ത്തുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമം 289 വകുപ്പ് പ്രകാരവും അശ്രദ്ധകാരണം അപകടം വരുത്തിയതിന് 336 വകുപ്പ് പ്രകാരവും മുറിവേല്‍പ്പിച്ചതിന് 337 വകുപ്പ് പ്രകാരവുമാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കൂടി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷകര്‍ത്താക്കള്‍ ജില്ലാ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മിഷനും പരാതി നല്‍കി.