ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. തമിഴ്‌നാട്ടില്‍ ഡിഎംകെ, എഐഡിഎംകെ, ബിജെപി എന്നീ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ പ്രചാരണത്തിനും യോഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയക്കുമായി വിവിധ തലങ്ങളില്‍ ചെലവഴിക്കുന്ന സാധനങ്ങളുടെ വിലവിവര പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. 200 ലധികം സാധനങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയത്.
പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ചെലവ് പരിധി ഇത്തവണ 70 ലക്ഷം രൂപയില്‍ നിന്ന് 95 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിലവിവര പട്ടിക ഉപയോഗിച്ച് സ്ഥാനാര്‍ഥികളുടെ ചെലവ് വിലയിരുത്തും.
ചെന്നൈ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജെ രാധാകൃഷ്ണന്‍ അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ചായയുടെ വില 10 രൂപയില്‍ നിന്ന് 15 രൂപയായും കാപ്പിയുടെ വില 15 രൂപയില്‍ നിന്ന് 20 രൂപയായും ഉയര്‍ത്തി. ചിക്കന്‍ ബിരിയാണിയുടെ നിരക്ക് 180 രൂപയില്‍ നിന്ന് 150 രൂപയായി കുറച്ചു. മട്ടണ്‍ ബിരിയാണിയുടെ വില പാക്കറ്റിന് 200 രൂപയായി തുടരും. ടീ ഷര്‍ട്ടുകള്‍ക്കും സാരികള്‍ക്കും വില വര്‍ധിപ്പിച്ചിട്ടില്ല.
പ്രചാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണം, വാഹനങ്ങള്‍, പ്രചാരണ ഓഫീസുകള്‍ക്കും മീറ്റിംഗുകള്‍ക്കുമായി വാടകയ്‌ക്കെടുത്ത മറ്റ് ഫര്‍ണിച്ചറുകള്‍, സ്‌റ്റേജ് അലങ്കാരത്തിനുള്ള ചെലവുകള്‍, തൊഴിലാളികളുടെ വേതനം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കസേരകള്‍ തുടങ്ങിയ ഇനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . പതാക, പടക്കം, പോസ്റ്ററുകള്‍, മാലകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുന്നതിനുള്ള ചെലവുകളും സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.ഓരോ ജില്ലയ്ക്കും പൊതുമരാമത്ത് വകുപ്പിന്റെ ശുപാര്‍ശകള്‍ അനുസരിച്ചാണ് പ്രചാരണ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മൊത്തവില സൂചിക, പണപ്പെരുപ്പ നിരക്ക്, ധനവകുപ്പ് നല്‍കുന്ന മറ്റ് സാമ്പത്തിക സൂചകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് വിലവിവര പട്ടിക പുറത്തിറക്കുന്നത്.
ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രചാരണ വേളയില്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലേക്കും ചെലവ് നിരീക്കുന്നതിന് പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടി അംഗങ്ങളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുമെന്നുമാണ് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരിക്കുന്നത്.