‘വനിതകളെ മാറ്റി നിര്‍ത്താനാവില്ല; നിങ്ങളത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യും’; കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

0

ന്യൂഡല്‍ഹി: തീരസംരക്ഷണ സേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലുള്ള വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ തങ്ങള്‍ക്കത് ചെയ്യേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കേന്ദ്രത്തിനായി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ പ്രായോഗികതാ വാദമൊന്നും 2024ല്‍ വിലപ്പോവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വനിതകളെ മാറ്റിനിര്‍ത്താനാവില്ലെന്നും കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിക്കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥ പ്രിയങ്ക ത്യാഗി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹര്‍ജി 19ന് പരിഗണിച്ചപ്പോഴും കേന്ദ്രത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. നാരീശക്തിയെപ്പറ്റി പറയുന്ന നിങ്ങള്‍ അതിവിടെ കാണിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വനതികളോട് നീതിചെയ്യും വിധം നയമുണ്ടാക്കാനും ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഇപ്പോഴും പുരുഷമേധാവിത്വ സമീപനമാണോയെന്നും ചോദിച്ചു.

നേരത്തെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലുള്ള വനിതകള്‍ക്ക് പത്തുവര്‍ഷമാണ് സേവനകാലാവധി. നാലുവര്‍ഷം കൂടി നീട്ടി നല്‍കാറുണ്ട്. ഇതുപ്രകാരം പരമാവധി ലെഫ്. കേണല്‍ പദവിവരെ വനിതകള്‍ക്ക് ഉയരാം. എന്നാല്‍ സുപ്രീം കോടതി വിധിയുടെ വന്നതോടെ പുരുഷന്‍മാര്‍ക്ക് തുല്യമായി സ്ത്രീകള്‍ക്കും ഏതുപദവി വരെയും ഉയരാം.

Leave a Reply