ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത് എന്തുകൊണ്ട്? സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങള്‍

0

ന്യൂഡല്‍ഹി: വിവരങ്ങള്‍ രഹസ്യമാക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ടറല്‍ ബോണ്ട് സുപ്രീംകോടതി റദ്ദാക്കിയത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്. വിവരങ്ങള്‍ രഹസ്യാത്മകമാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടനത്തെയും ബാധിക്കുന്ന, പൗരന്മാരുടെ അറിയാനുള്ള അവകാശത്തെ ഇലക്ടറല്‍ ബോണ്ട് പദ്ധതി ലംഘിക്കുന്നു.

ഇലക്ട്രല്‍ സ്‌കീമിന്റെ ക്ലോസ് 7(4)(1)ല്‍ സ്വീകരിച്ച നടപടി ഏറ്റവും കുറഞ്ഞ നിയന്ത്രണ നടപടിയാണെന്ന് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല.

സംഭാവനകള്‍ രഹസ്യമാക്കിയ ആദായ നികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തിയ ഭേദഗതികള്‍ സുപ്രീം കോടതി റദ്ദാക്കി.

ബോണ്ടുകളുടെ വിതരണം ഉടന്‍ നിര്‍ത്തിവെക്കണം. മൂന്നാഴ്ചയ്ക്കകം ബോണ്ടുകളുടെ വിവരം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

2019 ഏപ്രില്‍ 12 മുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പണമാക്കി മാറ്റിയ ബോണ്ടുകളുടെ വിവരങ്ങള്‍ മാര്‍ച്ച് ആറിനകം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. 2024 മാര്‍ച്ച് 31 ന് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഇത് പരസ്യപ്പെടുത്തണം.

സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങള്‍, കറന്‍സി മൂല്യം, പണമായി മാറ്റി നല്‍കിയത് അടക്കം മറ്റു വിവരങ്ങളെല്ലാം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം.

പണമാക്കി മാറ്റാത്ത ബോണ്ടുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ 15 ദിവസത്തിനുള്ളില്‍ തിരിച്ചു നല്‍കണം. ബോണ്ട് വാങ്ങിയവര്‍ക്ക് ബാങ്കുകള്‍ തിരിച്ചു നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു.

ഇലക്ടറല്‍ ബോണ്ടിനായി ജനപ്രാതിനിധ്യ (ആര്‍പി) നിയമത്തിലെ സെക്ഷന്‍ 29 സി, ആദായനികുതി നിയമങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ അസാധുവാണെന്ന് കോടതി.

Leave a Reply