തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച് ഇന്നത്തെ നേതൃയോഗത്തില്‍ അന്തിമധാരണയിലെത്തിയേക്കും. പ്രമുഖരെ കളത്തിലിറക്കി കൂടുതല്‍ സീറ്റുകള്‍ പിടിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
തിരുവനന്തപുരത്തെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി ജോയിയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്. വര്‍ക്കല എംഎല്‍എയായ ജോയി നിലവില്‍, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയാണ്. കൊല്ലത്ത് എം മുകേഷിന്റെയും സി എസ് സുജാതയുടേും പേരുകളാണ് പരിഗണനയിലുള്ളത്.
പത്തനംതിട്ടയില്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്കിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. റാന്നി മുന്‍ എംഎല്‍എ രാജു എബ്രാഹിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. ആലപ്പുഴയില്‍ നിലവിലെ എംപി എ എം ആരിഫ് വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും.