പൊട്ടിത്തെറി കരിമരുന്ന് പടക്കപ്പുരയിലേക്ക് മാറ്റുമ്പോള്‍; തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു

0

കൊച്ചി: തൂപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറയെ നടുക്കിയ സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ കുട്ടികള്‍ അടക്കം ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പടക്കപ്പുരയ്ക്ക് സമീപമുള്ള 25 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.

ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പടക്കപ്പുരയില്‍ ഉണ്ടായിരുന്നവര്‍ക്കും സ്‌ഫോടക വസ്തുക്കള്‍ ഇറക്കാന്‍ സഹായിച്ചവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ എട്ടുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റര്‍ ദൂരം വരെ സ്ഫോടക വസ്തുക്കള്‍ തെറിച്ചുവീണു. സ്ഫോടക വസ്തുക്കള്‍ തെറിച്ച് വീണാണ് ചുറ്റുമുള്ള വീടുകളില്‍ നാശനഷ്ടം സംഭവിച്ചത്. വീടുകളില്‍ ചില്ലുകള്‍ തകരുന്ന സ്ഥിതി ഉണ്ടായി.

ചില്ല് തെറിച്ച് വീണ് വീടുകളില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും ജനവാസകേന്ദ്രമാണ്. കൂടാതെ തൊട്ടടുത്തുള്ള കടകളിലും റോഡുകളിലുമായി നിരവധി ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നാലെ പ്രകമ്പനം അനുഭവപ്പെട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here