ഉത്രാളിക്കാവ് പൂരം നാളെ, രണ്ടു ദിവസം കൂടി വെടിക്കെട്ട്; ചൊവ്വാഴ്ച പ്രാദേശിക അവധി, അറിയേണ്ടതെല്ലാം

0

തൃശൂര്‍: ഉത്രാളിക്കാവ് പൂരത്തിന് ഇനി ഒരുനാള്‍. 20നാണ് ഉത്സവം കൊടിയേറിയത്. 25, 27, 28 തീയതികളില്‍ വെടിക്കെട്ട് നടത്താന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി മുരളി ഉത്തരവിട്ടിരുന്നു. ഇതോടനനുബന്ധിച്ച് 25 ന് സാമ്പിള്‍ വെടിക്കെട്ടും നടത്തിയിരുന്നു. പൂരം പ്രമാണിച്ച് 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേത്രാചാരത്തിന്റെ ഭാഗമായി മിതമായ തോതില്‍ നിബന്ധനകള്‍ പാലിച്ച് വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി. ഇതുസംബന്ധിച്ച് കളക്ടറുമായി നടന്ന കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനമായത്. പൂരത്തിന്റെ മുഖ്യപങ്കാളികളായ എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂര്‍ എന്നീ ദേശങ്ങള്‍ കളക്ടറുടെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.മാരകമായ വെടിമരുന്ന് ഉപയോഗിച്ചുകൊണ്ട് വെടിക്കെട്ട് നടത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന് 100 മീറ്റര്‍ അകലെ ബാരിക്കേഡുകള്‍ കെട്ടിതിരിച്ചുകൊണ്ട് ആയിരിക്കണം വെടിക്കെട്ട് നടത്തേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിന് പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം. എങ്കക്കാട്, കുമരനെല്ലൂര്‍, വടക്കാഞ്ചേരി എന്നീ ദേശങ്ങളില്‍ നിന്നുള്ള മൂന്നു പങ്കുകാരാണ് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാര്‍. സാധാരണ, ഓരോ ദേശക്കാരും പതിനൊന്ന് ആനകള്‍ വീതം മൊത്തം 33 ആനകളെ പൂരത്തിന് എഴുന്നള്ളിക്കുന്നു. ഇതുകൂടാതെ, വിവിധ സമുദായക്കാരുടേതായി കുതിരവേല, കാളവേല, ഹരിജന്‍ വേല എന്നി പരിപാടികളും മുട്ടിറക്കല്‍ എന്ന വഴിപാടുചടങ്ങും പതിവുണ്ട്.

27ന് വടക്കാഞ്ചേരി നഗരസഭാപരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനുമാണ് അവധി പ്രഖ്യാപിച്ചത്. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര – സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും ഉത്തരവ് ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here