കല്‍പ്പറ്റ: വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ വയനാട്ടില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഒരാഴ്ചയ്ക്കിടെ വയനാട്ടില്‍ രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കുറുവ ദ്വീപിലെ ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് ഇന്ന് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രാവിലെ 9.30ന് ചെറിയമല ജംക്ഷനില്‍ വച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടി. വാരിയെല്ലിന് പൊട്ടലേറ്റു.
സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവച്ച് കാട്ടാനയെ ഓടിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.