കൊച്ചി: തൃപ്പൂണിത്തുറയിവെ വെടിക്കെട്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയകാവ് ക്ഷേത്രത്തില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന കേസില്‍ തെക്കുംഭാഗം കരയോഗം ഭാരവാഹികള്‍ ഉള്‍പ്പെടെ പിടിയലായിട്ടുണ്ട്. മൂന്നാറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
അപകടത്തിന് പിന്നാലെ ക്ഷേത്ര ഭാരവാഹികളും കരയോഗ ഭാരവാഹികളും ഒളിവില്‍ പോയിരുന്നു. കരയോഗത്തിന്റെ പ്രധാന ഭാരവാഹികള്‍ ഉള്‍പ്പെടെ ഹില്‍പ്പാലസ് പൊലീസിന്റെ പിടിയിലായതായിട്ടാണ് വിവരം. തൃപ്പൂണിത്തുറ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ കേസ്. വടക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ടിനായി സ്‌ഫോടക വസ്തുക്കള്‍ ഇറക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടാകുന്നത്. ഇതിന്റെ തലേന്നാണ് തെക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ട് പുതിയകാവ് ക്ഷേത്രത്തില്‍ നടന്നത്.
അധികൃതരുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് ഈ വെടിക്കെട്ട് നടന്നതെന്ന് പൊലീസും ജില്ലാ ഭരണാധികാരികളും വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിലാണ് തെക്കുംഭാഗം കരയോഗം ഭാരവാഹികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്‌ഫോടനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് പറഞ്ഞത്.
കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. സ്‌ഫോടനത്തിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ തൃപ്പൂണിത്തുറ നഗരസഭ ശേഖരിച്ചു വരികയാണ്. പരിശോധന പൂര്‍ത്തിയായ ശേഷം ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സമര്‍പ്പിക്കും. ഇതിനു ശേഷം മാത്രമാകും നഷ്ടപരിഹാരം ലഭ്യമാകുകയുള്ളൂ എന്നാണ് സൂചന. എന്നാല്‍ എത്രയും വേഗം നഷ്ടപരിഹാരം ലഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.