ടിപി വധക്കേസ്: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം; യുഡിഎഫ് കേസ് രാഷ്ട്രീയവല്‍ക്കരിച്ചെന്ന് എംവി ഗോവിന്ദന്‍

0

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം. പാര്‍ട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണത്തിന് ശ്രമം നടന്നു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് വലിയ നിയമയുദ്ധമാണ് നടന്നത്. പി മോഹനന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സന്ദര്‍ഭത്തില്‍, വലിയ കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതുപോലെ അറസ്റ്റു ചെയ്തുകൊണ്ടുപോയത് കേരളം മറന്നിട്ടില്ല. സിപിഎം നേതാക്കളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് ശരിയായ രീതിയില്‍ കോടതി കണ്ടു.പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍പ്പെടുത്തി വര്‍ഷങ്ങളോളം ജയിലിലടച്ച് പകവീട്ടലിന്റെ രീതിയിലാണ് കൈകാര്യം ചെയ്തത്. പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്നേ പറഞ്ഞതാണ്. അത് ശരിയുമാണ്. പാര്‍ട്ടി നേതൃത്വത്തിനു നേര്‍ക്ക് വലിയ കടന്നാക്രമണത്തിനുള്ള ബോധപൂര്‍വമായ ശ്രമം നടത്തിയപ്പോഴാണ് സിപിഎമ്മിന് കേസില്‍ ഇടപെടേണ്ടി വന്നത്. കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ യുഡിഎഫ് ശ്രമിച്ചുവെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ ശിക്ഷിച്ച വിചാരണ കോടതി വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. രണ്ടു പ്രതികളെ വെറുടെ വിട്ടത് കോടതി റദ്ദാക്കി. കേസിലെ പത്തും പന്ത്രണ്ടും പ്രതികളായ കെ കെ കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇവരുടെ ശിക്ഷ 26 ന് വിധിച്ചേക്കും.

Leave a Reply