വയനാട്: മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം നാലാം ദിവസവും തുടരും. നിലവില്‍ ഉള്‍ക്കാട്ടിലുള്ള ആനയെ റേഡിയോ കോളര്‍ വഴി ട്രാക്ക്
ചെയ്ത് അടുത്തെത്തുമ്പോഴക്കും മറ്റ് വന്യമൃഗങ്ങളുടെ സാന്നിധ്യം മയക്കുവെടിവെയ്ക്കുന്നതിന് തിരിച്ചടിയാകുകയാണ്.
നിലവില്‍ മറ്റൊരു മോഴയ്‌ക്കൊപ്പമാണ് ആനയുടെ സഞ്ചാരം. ദൗത്യസംഘത്തിന് മുന്നില്‍ കടുവയും പുലിയുമടക്കം വന്യമൃഗങ്ങള്‍ എത്തുന്നതും ദൗത്യത്തിന് പ്രതിസന്ധിയാകുന്നുണ്ട്. സ്ഥലവും സന്ദര്‍ഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കുമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ തമ്പടിച്ചിട്ടുള്ള ആന, കുങ്കികളെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ബേലൂര്‍ മഗ്നക്കൊപ്പം മറ്റൊരു മോഴയാന കൂടി ഉള്ളതായി ഇന്നലെ വനം വകുപ്പിന് ലഭിച്ച ഡ്രോണ്‍ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇന്നലെ രണ്ടു തവണ മയക്കുവെടി വെക്കാന്‍ ദൗത്യസംഘം ശ്രമിച്ചിരുന്നെങ്കിലും ദൗത്യം വിജയിച്ചിരുന്നില്ല.
കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം ദൗത്യസംഘം ഇന്നും ആരംഭിച്ചിട്ടുണ്ട്. ആനയുടെ സിഗ്‌നല്‍ കിട്ടുന്ന ഭാഗത്ത് സംഘം തിരച്ചില്‍ ആരംഭിക്കും. രാത്രി വൈകി, ആന കര്‍ണാടക അതിര്‍ത്തിക്ക് ഏറെ അടുത്ത് എത്തിയിരുന്നെങ്കിലും തിരികെ കേരള കാടുകളിലേക്ക് തന്നെ നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൗത്യ സംഘം അടുത്തെത്തുമ്പോഴേക്കും ആന പൊന്തക്കാടുകളിലേക്ക് മറയുന്നതും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായും വനം വകുപ്പ് അറിയിച്ചു. അതേസമയം ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം നീളുന്നയില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.