കോട്ടയം: ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് പിതാവ് മോഹന്‍ദാസ്. മകളുടെ മരണത്തില്‍ സശയമുണ്ടെന്നും കൃത്യമായ അന്വേഷണത്തിന് പുറത്തുനിന്നുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും പിതാവ് മോഹന്‍ദാസ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
20 തവണയാണ് സിബിഐ അന്വേഷണത്തിന്റെ കേസ് മാറ്റിവച്ചത്. ഇതുവരെ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇരുപത് തവണയും ഞങ്ങള്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതിശക്തമായ എതിര്‍പ്പാണ് വരുന്നത്. അതിന്റെ കാരണം എന്താണെന്ന് അറിയുന്നില്ല. ഏകമകളുടെ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ കേരളത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണമെന്ന് പിതാവ് പറഞ്ഞു.
സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതിശക്തമായ എതിര്‍പ്പാണ് വരുന്നത്. അതിന്റെ കാരണം എന്താണെന്ന് അറിയുന്നില്ല
കേസിന്റെ കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ എഡിജിപി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എതിര്‍ക്കുകയാണ്. കേസില്‍ സത്യവും നീതിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ എന്തെങ്കിലും മറച്ചുവയ്ക്കുന്നതായി തോന്നിയിട്ടില്ല. എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാവുന്നില്ല. മകള്‍ക്ക് നാലരമണിക്കൂറോളം ചികിത്സ ലഭിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.
2023 മേയ് 10-നായിരുന്നു വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊന്നെന്നാണ് കേസ്.