പാലക്കാട്: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ പാലക്കാട് കറസ്പോണ്ടന്റ് വടക്കന്തറ തരവനാട്ട് ലൈൻ ഇന്ദീവരത്തിൽ എ സതീഷ് ബാബു അന്തരിച്ചു. 62 വയസായിരുന്നു. അസുഖബാധിതനായി കൊയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ പത്രപ്രവർത്തന കാലത്ത് ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. പാലക്കാടിന്റെ കാർഷിക ജീവിതത്തെ തൊട്ടറിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ. അവർ അനുഭവിച്ച പ്രതിസന്ധികൾ പൊതു ശ്രദ്ധയിലേക്കു കൊണ്ടുവരുവാൻ സതീഷിന്റെ റിപ്പോർട്ടുകൾക്കു കഴിഞ്ഞു. കടക്കെണിയിൽ അകപ്പെട്ട് ജീവിതം അവസാനിപ്പിച്ച കർഷകരുടെ ജീവിതാവസ്ഥകളെയും അദ്ദേഹം റിപ്പോർട്ടുകളിലൂടെ തുറന്നു കാട്ടി. അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരിത ജീവിതവും നവജാത ശിശുക്കളുടെ മരണവും സതീഷിന്റെ റിപ്പോർട്ടുകളിലൂടെയാണ് പൊതു സമൂഹം കൂടുതലായും അറിഞ്ഞത്. അതേസമയംതന്നെ പാലക്കാടിന്റെ സാഹിത്യ സാംസ്‌കാരിക ജീവിതത്തെയും പ്രകാശനം ചെയ്യുന്ന പ്രത്യേക റിപ്പോർട്ടുകൾ സതീഷിന്റേതായി പുറത്തുവന്നിട്ടുണ്ട്.
എംകെ ഇന്ദിരയാണ് സതീഷിന്റെ ഭാര്യ (ഒറ്റപ്പാലം പോസ്റ്റൽ സൂപ്രണ്ട് ). മകൻ: അക്ഷയ്ദേവ്. മരുമകൾ: സൃഷ്ടി പ്രിയ. ഇരുവരും ഇന്ദിര ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിലെ സൈന്റിഫിക് ഓഫിസര്‍മാരാണ്.