‘പ്രതിയെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചു’; വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍

0

കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഫൊറന്‍സിക് സയന്‍സില്‍ ഉള്‍പ്പെടെ വൈദഗ്ധ്യമുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അന്വേഷണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടം ഉണ്ടാവണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിയമത്തിന്റെ പിടിയില്‍നിന്നു പ്രതിയെ രക്ഷിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായെന്നു ഹര്‍ജിയില്‍ ആരോപിച്ചു. സത്യസന്ധമായ അന്വേഷണമല്ല നടന്നത്. അതിനാലാണ് പ്രതി അര്‍ജുന്‍ സുന്ദറിനെ വിചാരണക്കോടതി വിട്ടയച്ചത്. കാര്യക്ഷമവും പക്ഷപാതരഹിതവും സുതാര്യവുമായ അന്വേഷണം വേണം. കട്ടപ്പന പ്രത്യേക കോടതിയുടെ ഉത്തരവില്‍ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. ഹര്‍ജി അടുത്ത ദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.

വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. 2021 ജൂണ്‍ 30നാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുനെ അറസ്റ്റ് ചെയ്തത്.

Leave a Reply