മലപ്പുറം: കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാര്‍ തടഞ്ഞു നിര്‍ത്തി ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. കുസാറ്റിലെ അസി. പ്രൊഫസര്‍ നൗഫല്‍, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ ഷഹര്‍ബാനു, 2 മക്കള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ആക്രമണത്തില്‍ ഭാര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. കാറിന്റെ ചില്ല് അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരൂര്‍-ചമ്രവട്ടം റോഡില്‍ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം.പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പില്‍ അനീഷ് (35), വള്ളിക്കാട്ടു വളപ്പില്‍ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. നൗഫലും കുടുംബവും കാറില്‍ കൊച്ചിയില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുന്ന സമയത്തായിരുന്നു ആക്രമണം.പൊന്നാനിയില്‍ വച്ച് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് രണ്ടംഗ സംഘം ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. 7 കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ ഗതാഗതക്കുരുക്കില്‍ വച്ച് കാറിനു മുന്നിലേക്ക് ചാടി വീണാണ് ആക്രമണം നടത്തിയത്. ഉടന്‍ നാട്ടുകാര്‍ ഇടപെട്ട് അക്രമികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.