തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ്സായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രായപരിധി മാറ്റിയാല്‍ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസ്സാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ മന്ത്രാലയം വ്യക്തമാക്കി.ഫിന്‍ലാന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ വിദ്യാഭ്യാസ നയത്തില്‍ ഈ പ്രായനിബന്ധന കര്‍ശനമായി നടപ്പാക്കാറുണ്ട്. ഇന്ത്യയില്‍, ദേശീയ വിദ്യാഭ്യാസ നയത്തിലും ഈ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുണ്ട്. ഒരു കുട്ടിയുടെ തലച്ചോറിന്റെ 90 ശതമാനവും ആറ് വയസ്സാകുമ്പോഴേക്കും വികസിക്കുന്നുവെന്ന ശാസ്ത്രീയ പഠനത്തെ കൂടി അടിസ്ഥാനമാക്കിയാണ് നിര്‍ദേശം.