ആകാശത്ത് നിന്നും തുരുതുരാ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍; കര്‍ഷകര്‍ക്ക് നേരെ ഡ്രോണ്‍ സ്‌മോക് ലോഞ്ചറുകള്‍ പ്രയോഗിച്ച് ഹരിയാന പൊലീസ്; പ്രതിഷേധവുമായി പഞ്ചാബ്

0

ന്യൂഡല്‍ഹി: കര്‍ഷക സമരക്കാര്‍ പ്രവേശിക്കുന്നത് തടയാന്‍ ഹരിയാന പൊലീസ് അതിര്‍ത്തിയില്‍ ഡ്രോണ്‍ വഴി ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചു. പഞ്ചാബ്- ഹരിയാന ശംഭു അതിര്‍ത്തിയില്‍ വെച്ചാണ് സമരക്കാര്‍ക്ക് നേരെ പൊലീസ് ഡ്രോണ്‍ സ്‌മോക് ലോഞ്ചറുകള്‍ ഉപയോഗിച്ചത്. 400 മുതല്‍ 500 മീറ്റര്‍ വരെ പരിധിയില്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കാന്‍ ഡ്രോണ്‍ സ്‌മോക് ലോഞ്ചറുകള്‍ക്കു കഴിയും.

പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നേറുന്ന സാഹചര്യത്തിലാണ് ഹരിയാന പൊലീസ് ഡ്രോണ്‍ വഴി ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്. സമരക്കാര്‍ക്ക് നേരെ റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ഹരിയാനയിലെ ഡ്രോണ്‍ ഇമേജ് ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസാണ് ഡ്രോണ്‍ സമോക്ക് ലോഞ്ചറുകള്‍ നിര്‍മിച്ചത്.

സമരക്കാര്‍ക്ക് നേരെ ഹരിയാന പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചതിനെ എതിര്‍ത്ത് പഞ്ചാബ് രംഗത്തു വന്നു. ഡ്രോണ്‍ സ്‌മോക് ലോഞ്ചറുകള്‍ ഉപയോഗിച്ചതിനെതിരെ അംബാല ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പട്യാല ഡെപ്യൂട്ടി കമ്മീഷണര്‍ കത്തെഴുതി. പഞ്ചാബിലെ തങ്ങളുടെ അധികാരപരിധിയില്‍ ടിയര്‍ഗ്യാസ് പ്രയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സമരക്കാര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിനെ പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അപലപിച്ചു. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പാന്ഥെര്‍ പറഞ്ഞു. അതേസമയം സമരക്കാരെ നേരിടാന്‍ നടപടി കടുപ്പിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. അതിര്‍ത്തികളില്‍ കൂടുതല്‍ അര്‍ധസൈനികരെ അടക്കം വിന്യസിച്ചു. റോഡുകളില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അടക്കം നിരത്തി. ഏഴു ജില്ലകളിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടുകയും ചെയ്തു.

Leave a Reply