ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

0

ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ 17 നാണ് പ്രജിത്ത് ഏന്ന ഏഴാം ക്ലാസുകാരന്‍ വീട്ടില്‍ സ്‌കൂള്‍ യൂണിഫോമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്ന് ക്ലാസിലെ അവസാന പീരിയഡില്‍ പ്രജിത്തിനെയും സഹപാഠിയായ അജയനെയും ക്ലാസില്‍ കണ്ടില്ല. സ്‌കൂള്‍ കോമ്പൗണ്ട് മുഴുവന്‍ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.വൈസ് പ്രിന്‍സിപ്പല്‍ മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയതിനെതുടര്‍ന്നാണ് ഇവര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തുന്നത്. അജയന്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളമെടുത്തു കൊടുക്കാന്‍ പോയതാണെന്നും, തുടര്‍ന്ന് സ്‌കൂളിലെ മുകള്‍ നിലയില്‍ വിശ്രമിക്കുകയായിരുന്നു എന്നുമാണ് പ്രജിത്ത് അധ്യാപകരോട് പറഞ്ഞത്.

എന്നാല്‍ ഇതു കണക്കിലെടുക്കാതെ, മറ്റ് അധ്യാപകര്‍ക്കും കുട്ടികള്‍ക്കു മുമ്പില്‍ വെച്ച് ഇവരെ ക്രിസ്തുദാസ് ചൂരല്‍ കൊണ്ട് തല്ലുകയും ശരീരം മുഴുവന്‍ പരിശോധിക്കുകയും ചെയ്തു. കഞ്ചാവ് വലിക്കാന്‍ പോയതാണെന്ന് ആരോപിച്ചായിരുന്നു പരിശോധന. രമ്യ എന്ന അധ്യാപികയും കുട്ടികളെ മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുട്ടിയുടെ ബന്ധുക്കളുടേയും സഹപാഠികളുടേയും അടക്കം മൊഴികള്‍ ശേഖരിച്ചശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ അതും ചേര്‍ക്കുമെന്നും, കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here