ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിങ്‌വി എന്നിവര്‍ രാജ്യസഭയിലേക്ക്. സോണിയാഗാന്ധിയുടെ അടക്കം നാലുപേരുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
രാജസ്ഥാനില്‍ നിന്നാണ് സോണിയാഗാന്ധി രാജ്യസഭയിലെത്തുക. ജയ്പൂരിലെത്തി സോണിയാഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതരായിരുന്നു.
25 വര്‍ഷം ലോക്സഭയില്‍ അംഗമായിരുന്ന ശേഷമാണ് സോണിയാഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സോണിയ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്നും മാറിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിച്ചെടുത്ത രാജസ്ഥാനില്‍, ഒരു സീറ്റിലാണ് കോണ്‍ഗ്രസിന് വിജയിക്കാനാകുക. 1998 മുതല്‍ 22 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു സോണിയാഗാന്ധി.
ഹിമാചലില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വിയും ബിഹാറില്‍ നിന്ന് ഡോ. അഖിലേഷ് പ്രസാദ് സിങും, മഹാരാഷ്ട്രയില്‍ നിന്ന് ചന്ദ്രകാന്ത് ഹന്‍ഡോറയും കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കും.