അപകടത്തിൽ മകനെ കാണാതായി; വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് മുൻ മേയർ

0

ചെന്നൈ: ഹിമാചൽ പ്രദേശിൽ വാഹനാപകടത്തിൽ കാണാതായ മകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുൻ ചെന്നൈ മേയർ സെയ്ദെ ദുരൈസാമി. വിനോദയാത്രയ്ക്ക് പോയ ദുരൈസാമിയുടെ മകൻ വെട്രി ദുരൈസാമിയെ (45) ഞായറാഴ്ചയാണ് സത്‌ലജ് നദിയിൽ കാണാതായത്.

ചെന്നൈയിലേക്ക് തിരിച്ചുവരുന്ന വഴിക്ക് ഹൈവേയിൽ നിന്ന് വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമായത്. വെട്രിയും സുഹൃത്ത് ഗോപിനാഥും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് 200 മീറ്ററോളം താഴ്ചയിൽ നദിയിലേക്കു വീണു. ഗോപിനാഥിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നു.

പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപെട്ട ആളുകൾ മകനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകും എന്ന പ്രതീക്ഷയിലാണ് സെയ്ദെ ദുരൈസാമി. പാരിതോഷികത്തേക്കുറിച്ച് പ്രദേശവാസികളെ അറിയിക്കണമെന്നും അവരുടെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.

വെട്രിയെ കാണാതായി രണ്ട് ദിവസം പിന്നിടുമ്പോൾ സത്‌ലജ് നദിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. വെട്രിയെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ മൃതദേഹാവശിഷ്ടങ്ങൾ ഇദ്ദേഹത്തിന്റേതാണോ എന്ന സംശയത്തിലാണ് പൊലീസ്. നേവി സ്പെഷ്യൽ ഡൈവേഴ്സും എൻഡിആർഎഫും പൊലീസും ഉൾപ്പടെയാണ് തെരച്ചിലിന് ഇറങ്ങിയിരിക്കുന്നത്. കനത്ത മൂടൽമഞ്ഞും കുറഞ്ഞ താപനിലയും തിരച്ചിൽ ദുഷ്കരമാക്കുന്നതായി ഹിമാചൽ പ്രദേശ് പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply