മുംബൈ: വ്യാപാരത്തിനിടെ റെക്കോഡ് ഉയരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഹരി വിപണിയില്‍ റിലയന്‍സിന്റെ ഓഹരി വില 3000ലേക്ക് അടുക്കുകയാണ്. വ്യാപാരത്തിനിടെ 2989 രൂപയായി ഉയര്‍ന്നാണ് റിലയന്‍സ് പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.5 ശതമാനത്തിന്റെ വര്‍ധനയാണ് റിലയന്‍സ് ഓഹരിയിലുണ്ടായത്.
ഓഹരി വില ഉയര്‍ന്നതോടെ, റിലയന്‍സിന്റെ വിപണി മൂല്യവും ഉയര്‍ന്നു. നിലവില്‍ 20 ലക്ഷം കോടി രൂപ കടന്നിരിക്കുകയാണ് റിലയന്‍സിന്റെ വിപണി മൂല്യം.ടിസിഎസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് തൊട്ടുതാഴെ. യഥാക്രമം 14.78 ലക്ഷം കോടി, 10.78 ലക്ഷം കോടി എന്നിങ്ങനെയാണ് ടിസിഎസിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും വിപണി മൂല്യം.വ്യാപാരത്തിനിടെ റിലയന്‍സിന്റെ കീഴില്‍ വരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും നേട്ടം ഉണ്ടാക്കി. വിപണി മൂല്യം രണ്ടുലക്ഷം കോടി രൂപ കടന്നിരിക്കുകയാണ്. ഓഹരി വിലയില്‍ ഈ വര്‍ഷം മാത്രം 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വ്യാപാരത്തിനിടെ കഴിഞ്ഞ ദിവസത്തേക്കാള്‍ എട്ടുശതമാനത്തിന്റെ വര്‍ധനയോടെ 326 രൂപയിലേക്കാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില കുതിച്ചത്.