ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത്തവണ വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. വയനാടിന് പകരം രാഹുല്‍ തെലങ്കാനയിലേയോ കര്‍ണാടകയിലെയോ എതെങ്കിലും മണ്ഡലത്തിലേക്ക് രാഹുല്‍ ഗാന്ധി മാറിയേക്കുമെന്നാണ് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഇത്തവണയും രാഹുല്‍ മത്സരിക്കുമെന്നും പത്രം പറയുന്നു. കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. അതിനാല്‍ രണ്ടു ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.മാത്രവുമല്ല, കര്‍ണാടകയിലോ തെലങ്കാനയിലോ മത്സരിച്ചാല്‍, രാഹുലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സഹായകമാകുമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. കേരളത്തില്‍ മൂന്നാം സീറ്റിനായി വാശി പിടിക്കുന്ന മുസ്ലിം ലീഗ് വയനാടാണ് നോട്ടമിട്ടിട്ടുള്ളത്.
വയനാട്ടില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയെ രംഗത്തിറക്കിയിട്ടുണ്ട്. ദേശീയ തലത്തിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ വയനാട്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നത് മോശം തന്ത്രമാകുമെന്നാണ്, ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ ആക്രമണത്തിന് ഇത് ആക്കം കൂട്ടുമെന്നും ഈ നേതാക്കള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലേക്ക് വിജയിച്ചത്. സിപിഐയിലെ പിപി സുനീര്‍ ആയിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. അതേസമയം യുപിയിലെ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് രാഹുല്‍ഗാന്ധി പരാജയപ്പെടുകയും ചെയ്തു.