തിരുവനന്തപുരം: വയനാട്ടിലെ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ആ പ്രതികരണങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി. ഈ നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിരുന്നു. ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വയനാട്ടിലെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്നതിനായി മൂന്നംഗ മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മന്ത്രിതല സമിതി 20 ന് വയനാട്ടിലെത്തും. അതിനു മുമ്പ് വനംമന്ത്രി വയനാട്ടില്‍ ചെന്ന് പ്രത്യേകമായി ഒന്നും പറയേണ്ടകാര്യമില്ല.താന്‍ വയനാട്ടില്‍ പോയില്ല എന്നത് ആരോപണമല്ല, വസ്തുതാണ്. എന്നാല്‍ കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല. ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. പ്രതിഷേധം അക്രമാസക്തമായാല്‍ കേസെടുക്കാതിരിക്കാനാകില്ല. എല്ലാവരുടേയും സൗകര്യാര്‍ത്ഥമാണ് 20 ന് മന്ത്രിതല സമിതി വയനാട്ടിലെത്തുന്നത്.
മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചകളില്‍ എടുത്ത തീരുമാനം വയനാട്ടിലെത്തി അറിയിച്ച്, അവിടത്തെ ജനപ്രതിനിധികളുടെ കൂടി അഭിപ്രായം കേട്ടശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം. രണ്ടു തട്ടിലായിട്ടാണ് വയനാട്ടില്‍ യോഗം ചേരുന്നത്.
ഒന്ന് സര്‍വകക്ഷിയോഗവും, രണ്ടാമത്തേത് തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയും യോഗം. അതിന്റെയെല്ലാം പശ്ചാത്തല സൗകര്യം ഒരുക്കി ഒരു സ്ഥലത്ത് ചെല്ലുന്നതാണ് ഉചിതമെന്ന് കരുതുന്നു. അതിനുള്ള നടപടികളിലാണ് വനംമന്ത്രിയും സര്‍ക്കാരും വ്യാപൃതരായിട്ടുള്ളതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.