തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സംവിധായകന്‍ പ്രിയദര്‍ശന്‍ ആണെന്ന് മുന്‍ മന്ത്രി കെടി ജലീല്‍. നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജലീല്‍.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി. ആ സമിതിയിലുള്ള ഏക മലയാളിയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധിയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചോയെന്നും ജലീല്‍ നിയമസഭയില്‍ ചോദിച്ചു.
വാര്‍ത്താവിതരണമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി നീരജാ ശേഖറിന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ സംവിധായകരായ പ്രിയദര്‍ശന്‍, വിപുല്‍ ഷാ, ഹൗബം പബന്‍ കുമാര്‍, സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ഛായാഗ്രാഹകന്‍ എസ് നല്ലമുത്തു എന്നിവരാണ് ഉണ്ടായിരുന്നത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി വാര്‍ത്താവിതരണ മന്ത്രാലയം ചുമതലപ്പെടുത്തിയ സമിതിയുടെ നിര്‍ദേശങ്ങളനുസരിച്ച് നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരത്തിന്റെ പേര് ഇനി വെറും നവാഗത സംവിധായക ചിത്രത്തിനുള്ള പുരസ്‌കാരം എന്നായിരിക്കുമെന്ന് അറിയിച്ചിരുന്നു. ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന്റെ പേരില്‍നിന്ന് വിഖ്യാത നടിയായിരുന്ന നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു.