‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മലയാളികളുടെ അഭിമാനമായി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍

0

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ലഎന്നിവരാണ് ടെസ്റ്റ് പൈലറ്റുമാര്‍.

ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്‌കര വെല്ലുവിളികള്‍ നേരിടാന്‍ സമര്‍ഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. 2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണരംഗത്ത് വലിയ മുതല്‍ക്കൂട്ടാവുന്ന മൂന്ന് പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് കേരളത്തിന് അഭിമാനകരമായ നിമിഷമാണ്. ഈ നിമിഷം ഡോക്ടര്‍ വിക്രം സാരാഭായ് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. അതിനായി സ്ഥലം ലഭ്യമാക്കിയ നാട്ടുകാരെയും സഭാ നേതാക്കളെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെനിന്ന് ഒഴിഞ്ഞുപോകുന്നത് ഉപജീവനത്തിന് വെല്ലുവിളിയാകുമെന്നറിഞ്ഞിട്ടും ശാസ്ത്രനേട്ടമാണ് വലുതെന്ന് അവര്‍ തിരിച്ചറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശത്തെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ വിഎസ്എസ് സിക്കും ഐഎസ്ആര്‍ഒയ്ക്കും കഴിയട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply