സിദ്ധാര്‍ത്ഥനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണയെന്ന് പൊലീസ്; ഹോസ്റ്റല്‍ നടുമുറ്റത്തിട്ട് തല്ലിച്ചതച്ചു; മുഖ്യപ്രതികള്‍ ഒളിവില്‍ തന്നെ

0

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍, മരിച്ച സിദ്ധാര്‍ത്ഥനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണയെന്ന് പൊലീസ്. കോളജ് ഹോസ്റ്റലിന്റെ നടുമുറ്റത്തു വെച്ചാണ് വിചാരണയും മര്‍ദ്ദനവും നടന്നത്. മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.വീട്ടില്‍ പോയ സിദ്ധാര്‍ത്ഥനെ എസ്എഫ്‌ഐ നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു. സഹപാഠിയെക്കൊണ്ടാണ് സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തിയത്. ഫെബ്രുവരി 16 ന് മൂന്നു മണിക്കൂറോളവും 18 ന് ഉച്ചയ്ക്കും സിദ്ധാര്‍ത്ഥനെ തല്ലിച്ചതച്ചു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നോക്കിനിന്നു. അടുത്ത സഹപാഠികള്‍ അടക്കം ആരും എതിര്‍ത്തില്ല.

മര്‍ദ്ദനത്തിന് ശേഷം സിദ്ധാര്‍ത്ഥന്റെ ആരോഗ്യനിലയും സംഘം നിരീക്ഷിച്ചു. ഹോസ്റ്റല്‍ റൂമില്‍ അടച്ചിട്ടാണ് സംഘം നിരീക്ഷിച്ചിരുന്നത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം സിദ്ധാര്‍ത്ഥന്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു. കേസില്‍ ഇതുവരെ ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ 12 മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

കോളജില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മര്‍ദ്ദനം പുറത്ത് പറയാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി. അക്രമി സംഘമാണ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയത്. ഒളിവിലുള്ള മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ ആണ് ഭീഷണി മുഴക്കിയത്. പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ലെന്നായിരുന്നു ഭീഷണിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Leave a Reply