അമിത് ഷായുടെ പേരില്‍ ‘ഫോണ്‍ വിളി’, സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; കെണിയില്‍ കുടുങ്ങി ബിജെപി മുന്‍ എംഎല്‍എ

0

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്ന വ്യാജേന മുന്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച് പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. രവീന്ദ്ര മൗര്യ എന്നയാളെയാണ് യുപിയിലെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി ഷാഹിദ് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ബിജെപി മുന്‍ എംഎല്‍എ കിഷന്‍ലാല്‍ രജ്പുത്താണ് ഇവരുടെ കെണിയില്‍പ്പെട്ടത്. പണം നല്‍കിയാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഇവര്‍ മുന്‍ എംഎല്‍എയെ വിളിച്ചത്. സീറ്റു നല്‍കാമെന്ന് മോഹിപ്പിച്ച് ജനുവരി നാലു മുതല്‍ 29 വരെ ഒമ്പതു തവണയാണ് സംഘം കിഷന്‍ലാലിനെ വിളിച്ചത്.

രാഷ്ട്രീയ നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ ആണെന്ന് ധരിപ്പിച്ച്, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുകയാണ് ഇവര്‍ ചെയ്തിരുന്നത്. ട്രൂ കോളറില്‍ ദേവനാഗരി ലിപിയില്‍ ഗൃഹമന്ത്രാലയ, ഡല്‍ഹി, കേന്ദ്രസര്‍ക്കാര്‍ എന്നാണ് കാണാനാകുക.

രവീന്ദ്രമൗര്യയും ഷാഹിദും ചേര്‍ന്നാണ് ഇതു ചെയ്തിരുന്നതെന്ന് ബറേലി പൊലീസ് സൂപ്രണ്ട് മികേഷ് മിശ്ര പറഞ്ഞു. ഷാഹിദ് മുമ്പും ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി എസ്പി സൂചിപ്പിച്ചു. നവാബ്ഗഞ്ച് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

തുടര്‍ന്ന് അന്വേഷണത്തിനിടെ രവീന്ദ്ര മൗര്യയെ ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ സിം കാര്‍ഡ് ഒടിച്ചു കളഞ്ഞു. സിം ഗ്രാമത്തിലുള്ള ഹരീഷ് എന്നയാളുടേതാണെന്ന് പൊലീസ് കണ്ടെത്തി. അലാളെ ചോദ്യം ചെയ്തപ്പോല്‍ 2023 ഡിസംബര്‍ 29 നാണ് സിം വാങ്ങിയതെന്ന് മൊഴി നല്‍കി.

ഏതാനും നാളുകള്‍ക്ക് ശേഷം രവീന്ദ്രമൗര്യയും ഷാഹിദും ഗ്രാമത്തിലെത്തുകയും, തന്നെ ഭീഷണിപ്പെടുത്തി സിം തട്ടിയെടുക്കുകയായിരുന്നുവെന്നും ഹരീഷ് പൊലീസിനോട് പറഞ്ഞു. രവീന്ദ്രമൗര്യയ്ക്കും ഷാഹിദിനുമെതിരെ കവര്‍ച്ച, വഞ്ചന, ആള്‍മാറാട്ടം, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ പ്രകാരം കേസെടുത്തിട്ടുണ്ട്.

Leave a Reply