സ്ഥാനാർത്ഥികളുമായി ട്വൻറ്റി20 പാർട്ടി ; മൽസരിക്കുന്നത് ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിൽ

0

എറണാകുളം: പരമ്പരാഗത രാഷ്ട്രീയക്കാരുടെ അഴിമതിയും കെടുകാര്യസ്ഥിതിയും മൂലം ജനങ്ങൾക്ക് ജീവിതം ദുഷ്‌കരമായ കേരളത്തെ രക്ഷിക്കാൻ ജനക്ഷേമവും നാടിൻറെ വികസനവും ലക്ഷ്യം വയ്ക്കുന്ന ട്വൻറ്റി20 പാർട്ടിക്ക് മാത്രമേ ഇനി കഴിയുകയുള്ളുവെന്ന് സംസ്ഥാന പ്രസിഡണ്ട് സാബു എം. ജേക്കബ്. ഞായറാഴ്ച്ച വൈകുന്നേരം കിഴക്കമ്പലം ട്വൻറ്റി20 നഗറിൽ നടത്തിയ മഹാസംഗമത്തിൽവച്ചു ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാലക്കുടി, എറണാകുളം ലോക്‌സഭാമണ്ഡലങ്ങളിലാണ് 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടി മത്സരിക്കുന്നത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും, എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാർത്ഥികൾ.

ദീർഘവീക്ഷണത്തോടെ ജനങ്ങളുടെ ക്ഷേമവും നാടിൻറെ സമഗ്രവികസനവും ഉറപ്പുവരുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയക്കാർ ഭരണ-പ്രതിപക്ഷഭേദമെന്യേ പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെയാണ് ട്വന്റി20 പാർട്ടി മുന്നോട്ടുവയ്ക്കുന്ന വികാസനോന്മുഖമായ ഒരു നവബദൽ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളത്. കേരളത്തിലെ എല്ലാ മുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട മലയാളികൾ ട്വന്റി20 പാർട്ടിയുടെ നന്മയുടെ രാഷ്ട്രീയത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയാണെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു. കേരളത്തിലെ നിലവിലുള്ള ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാരെല്ലാവരുംതന്നെ സ്വാർത്ഥരും അഴിമതിക്കാരുമാണ്. സ്വന്തം കുടുംബവും പാർട്ടിയും മാത്രമാണ് അവർക്ക് പ്രധാനമെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനങ്ങൾ സമൂലമായ ഒരു രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കയാണ്. “ട്വന്റി20 പാർട്ടി ജനങ്ങളുടെ മാനിഫെസ്റ്റോ തയ്യാറാക്കുകയാണ്. ട്വന്റി20 ഭരണമാതൃക ഇവിടെ പരീക്ഷിച്ചു വിജയിപ്പിച്ചതിനാണ്. പൊള്ളയായ വാഗ്ദാനങ്ങളില്ല. പറയുന്നതൊക്കെ ചെയ്തിരിക്കും. ചെയ്യാൻ പറ്റുന്നതുമാത്രമേ പറയുകയുമുള്ളൂ”, സാബു എം. ജേക്കബ് പറഞ്ഞു.

ട്വന്റി20 മഹാസംഗമത്തിൽ ട്വന്റി20 നഗറിലും കിഴക്കമ്പലം ടൗണിലുമായി ഏകദേശം അൻപതിനായിരം ആളുകൾ പങ്കെടുത്തു. മുതിർന്ന രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ, ട്വന്റി20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാർ, എക്സിക്യൂട്ടീവ് ബോർഡ് അംഗം ഡോ. ഹാറൂൺ എം. പിള്ളൈ, ബെന്നി ജോസഫ് ജനപക്ഷം, കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ്, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡണ്ട് ജിബി അബ്രഹാം, ഡോ. വി. എസ്. കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here