ചർച്ച പരാജയം; കർഷകർ തലസ്ഥാനം വളയും; ‘ഡൽഹി ചലോ’ മാർച്ച് ഇന്ന്

0

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഇന്ന് രാവിലെ പത്ത് മണിക്ക് മാർച്ച് തുടങ്ങും. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. താങ്ങുവില നിയമപരമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

സംയുക്ത കിസാൻ മോർച്ചയടക്കം 200ഓളം കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ എപ്പോൾ വിളിച്ചാലും ചർച്ചയ്ക്ക് തയ്യാറാണെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. വിഷയം ചർച്ചയിലൂടെ തീർക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സർക്കാർ നിലപാട്.

മാർച്ചിനെ നേരിടാൻ ഹരിയാന- ഡൽഹി അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവുമുണ്ട്. പഞ്ചാബിൽ നിന്നു ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികൾ പൊലീസ് ബാരിക്കേഡും കോൺക്രീറ്റ് ബ്ലോക്കുകളും വച്ച് അടച്ചിട്ടുണ്ട്.

13നാണ് സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പഞ്ചാബിൽ നിന്നു കർഷകരുടെ ട്രാക്ടർ മാർച്ച് തുടങ്ങും. 20,000ത്തോളം കർഷകർ രണ്ടായിരം ട്രാക്റ്ററുകളിലായി ‍ഡൽഹിയിലേക്ക് മാർച്ച് നടത്തി എത്തുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here