ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്

0

മാനന്തവാടി: ബേലൂര്‍ മഖ്‌ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് ദൗത്യ സംഘത്തിന് സിഗ്‌നല്‍ കിട്ടി. ജനവാസ മേഖലയാണ് വയനാട്ടിലെ ഇരുമ്പു പാലം കോളനി. രാത്രിയില്‍ ആന കട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നു. വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദൗത്യം നീളുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്. ആനയുടെ ആക്രമണത്തില്‍ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. സര്‍വ്വ സന്നാഹവുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഖ്‌നയെ കണ്ടെത്തിയത്.സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ബേലൂര്‍ മഖ്‌ന ദൗത്യത്തിനായി വയനാട്ടിലേയ്ക്ക് നിയോഗിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയും ഇന്നലെ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു.

ഈ ദിവസങ്ങള്‍ക്കിടെ ദൗത്യ സംഘം ആനയെ നേരില്‍ കണ്ടത് വിരലിലെണ്ണാവുന്ന തവണ മാത്രമാണ്. ഇതിനിടയില്‍ രണ്ട് വട്ടം ദൗത്യസംഘം മയക്കുവെടി വെച്ചിരുന്നു. ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം അക്രമകാരിയായ മറ്റൊരു മോഴയാന കൂടിയുള്ളത് ദൗത്യസംഘത്തിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

Leave a Reply