വാഷിങ്ടണ്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്.
വിഷ വാതകം ശ്വസിച്ചുള്ള മരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും രണ്ട് പേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്.
ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവെച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് അയല്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എന്നാല്‍ 2016 ല്‍ ഇവര്‍ വിവാഹ മോചനത്തിന് നല്‍കിയ അപേക്ഷയുടെ കോടതി രേഖകള്‍ പ്രചരിക്കുന്നുണ്ട്. ആനന്ദിന്റെയും ഭാര്യയുടെയും മൃതദ്ദേഹം ശുചിമുറിയില്‍ നിന്നും മക്കളുടെ മൃതദ്ദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്.
കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതേഹങ്ങള്‍ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കണ്ടെത്തിയതും.
അമേരിക്കന്‍ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിളിയല്ലൂര്‍ വെളിയില്‍ വീട്ടില്‍ പരേതനായ ബെന്‍സിഗര്‍ജൂലിയറ്റ് ബെന്‍സിഗര്‍ ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരകെ വന്നത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയശേഷം വാട്‌സ്ആപ് മെസേജ് ഇരുവര്‍ക്കും അയച്ചു. ഒരാള്‍ മാത്രമാണ് മെസേജ് കണ്ടത്. ഇതില്‍ അസ്വഭാവികത തോന്നി അമേരിക്കയിലെ സുഹൃത്തിനെ ഇവര്‍ വിവരം അറിയിക്കുകയായിരുന്നു.