എന്റെ സ്വത്ത് കണ്ടുകെട്ടിയിട്ടില്ല; ഇഡിക്കെതിരെ നിയമനടപടി സ്വീകരിക്കും; എസി മൊയ്തീന്‍

0

തൃശൂര്‍: തന്റെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടില്ലെന്ന് സിപിഎം നേതാവ് എസി മൊയ്തീന്‍. ഇഡിയുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും. നല്‍കിയ കണക്കില്‍ ഇഡി സംശയവും വിശദീകരണവും തേടിയിട്ടില്ലെന്ന് മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വത്ത് മരവിപ്പിക്കല്‍ നടപടി നീട്ടിയത് ഇഡിയുടെ അപേക്ഷയിലാണ്. ഇഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ സമ്പാദ്യം നിയമവിധേയമായതാണ്. ജനപ്രതിനിധി എന്ന നിലയില്‍ തനിക്കും സര്‍ക്കാര്‍ ജീവനക്കാരി എന്ന നിലയില്‍ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും എസി മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വത്ത് കണ്ടുകെട്ടിയ നടപടി ഡല്‍ഹിഅഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി ശരിവെച്ചു. മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള നാല്‍പത് ലക്ഷം രൂപയാണ് ഇഡി റെയ്ഡിന് പിന്നാലെ കണ്ടുകെട്ടിയത്. ഭൂസ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണമെന്ന് മൊയ്തീനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീന് കഴിഞ്ഞിരുന്നില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു. തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണത്തിന്റെ പരിധിയിലാണ്.

Leave a Reply