സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ഇന്ന് തിയറ്ററിൽ എത്തുകയാണ്. രജനീകാന്ത് ഉൾപ്പടെ നിരവധി പേരാണ് ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു രജനീകാന്തിന്റെ ആശംസ. കൂടാതെ ഐശ്വര്യയുടെ മുൻ ഭർത്താവും നടനുമായ ധനുഷും ആശംസ അറിയിച്ചിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട മകള്‍ ഐശ്വര്യയ്ക്ക് സ്‌നേഹം നിറഞ്ഞ ആശംസകള്‍. നിന്റെ ചിത്രം വലിയവിജയമായി മാറട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.- എന്നാണ് രജനീകാന്ത് കുറിച്ചത്. വീല്‍ചെയറില്‍ ഇരിക്കുന്ന രജനീകാന്തിനെ ഉന്തിക്കൊണ്ടുപോകുന്ന ഐശ്വര്യയെയാണ് ചിത്രത്തില്‍ കാണുന്നത്.
ധനുഷും ആശംസകളുമായി എത്തി. ലാല്‍ സലാം ഇന്നു മുതല്‍ എന്നാണ് ധനുഷ് കുറിച്ചത്. നേരത്തെ ട്രെയിലര്‍ പങ്കുവച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് താരം ആശംസകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നത്. എങ്കിലും ഇരുവരും പരസ്പരം പിന്തുണയ്ക്കാറുണ്ട്.
വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രജനീകാന്തും അഭിനയിക്കുന്നുണ്ട്. കപില്‍ ദേവും ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വിഷ്ണു രംഗസ്വാമിയാണ് ഛായാഗ്രഹണം.
Home entertainment ‘എന്റെ പ്രിയപ്പെട്ട മകളുടെ സിനിമ’; ഐശ്വര്യയ്ക്കു വേണ്ടി പ്രാർത്ഥിച്ച് രജനീകാന്ത്, ആശംസ അറിയിച്ച് ധനുഷും