970 ലേറെ യാത്രക്കാര്‍; കേരളത്തില്‍ നിന്നും അയോധ്യയിലേക്ക് ആദ്യ ആസ്ത ട്രെയിന്‍ പുറപ്പെട്ടു

0

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആസ്ത സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ടു. രാവിലെ 10 ന് കൊച്ചുവേളി സ്റ്റേഷനില്‍ മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തില്‍ നിന്നും അയോധ്യയിലേക്കുള്ള ആദ്യ സര്‍വീസിനാണ് തുടക്കമായത്.

യാത്രക്കാരെ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായാണ് സ്വീകരിച്ചത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ ട്രെയിനില്‍ കയറ്റിയത്. തിരുവനന്തപുരത്തു നിന്നു മാത്രം നൂറിലേറെ പേരാണ് കയറിയത്. 20 സ്ലീപ്പര്‍ കോച്ചുകളിലായി 972 തീര്‍ത്ഥാടകരാണ് അയോധ്യയിലേക്ക് പോകുന്നത്.

വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട ട്രെയിന്‍ 12-ാം തീയതി ( തിങ്കളാഴ്ച) പുലര്‍ച്ചെ രണ്ടിന് അയോധ്യയിലെത്തും. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്. അങ്ങോട്ടും തിരിച്ചുമുള്ള യാത്രാ നിരക്ക്, വെജിറ്റേറിയന്‍ ഭക്ഷണം, താമസം എന്നിവ ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ആധാര്‍ നമ്പരും രജിസ്റ്റര്‍ നമ്പറും ഉള്‍പ്പെടുന്ന പ്രത്യേക ഐഡി കാര്‍ഡ് ഓരോ യാത്രക്കാര്‍ക്കും നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ അയോധ്യയില്‍ സംസ്ഥാനത്തു നിന്നുള്ള പ്രത്യേക വൊളന്റിയര്‍മാരെയും ബിജെപി നിയോഗിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി പി കെ പ്രകാശ് ബാബുവാണ് സംസ്ഥാനത്തെ ആസ്താ യാത്ര കോര്‍ഡിനേറ്റര്‍. 12 ന് അയോധ്യയിലെത്തുന്ന ട്രെയിന്‍ 13 ന് കേരളത്തിലേക്ക് പുറപ്പെടും. 15 ന് സംസ്ഥാനത്തെത്തും.

അടുത്ത ദിവസങ്ങളില്‍ പാലക്കാട്, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നും അയോധ്യയിലേക്ക് പ്രത്യേക ആസ്ത ട്രെയിന്‍ പുറപ്പെടും. ഫെബ്രുവരി 14, 19, 24,29 തീയതികളില്‍ പാലക്കാട് നിന്നും ആസ്ത ട്രെയിന്‍ പുറപ്പെടുമെന്നാണ് അറിയിപ്പ്. രാമക്ഷേത്രം ദര്‍ശനത്തിന് പോകാനായി ആളുകള്‍ക്ക് സൗകര്യമൊരുക്കിയത് നരേന്ദ്രമോദി സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന് ഒ രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

Leave a Reply