കൊച്ചി: സൗഹൃദ സംഭാഷണങ്ങള്‍ക്കുള്ള ഇടം പൊതുവഴിയുടെ നടുവില്‍ തന്നെ ആകണമെന്നുണ്ടോ? പൊതുവഴി എന്നത് പൊതുസ്വത്ത് ആണെന്നതും അവിടെ സ്വകാര്യതയ്ക്ക് താരതമ്യേന മുന്‍തൂക്കം കുറവാണെന്നതും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റുള്ളവര്‍ വേണമെങ്കില്‍ വഴിമാറി പോയിക്കൊള്ളട്ടെ എന്ന ചിന്താഗതി ഒരുപക്ഷേ ഒന്നോ അതിലധികമോ ജീവനുകളുടെ നഷ്ടത്തില്‍ കലാശിക്കാവുന്ന വലിയ ഒരു ദുരന്തമായി മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം പെരുമാറ്റം ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
‘ഓടിവരുന്ന മറ്റൊരു വാഹനത്തിന്റെ ബ്രേക്കിന്റെ അവസ്ഥയെപ്പറ്റിയോ അത് ഓടിക്കുന്ന ഡ്രൈവറുടെ ശാരീരികവും മാനസികവുമായ അവസ്ഥയെപ്പറ്റിയോ യാതൊരു ധാരണയും ഇല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ ആത്മഹത്യാപരം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാന്‍ സാധിക്കില്ല’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.